ഷിംല : ഹിമാചലിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ രാജിവച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെ രാജിപിന്‍വലിച്ച് പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ്. സര്‍ക്കാരിന് ഒരു തരത്തിലുമുള്ള ഭീഷണിയില്ലെന്നും എല്ലാത്തിനും മീതേ പാര്‍ട്ടിയാണെന്നും വിക്രമാദിത്യസിങ് പറഞ്ഞു. ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിക്രമാദിത്യസിങ് രാജിവച്ചത്.
മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുഖു സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അവകാശം ഇല്ലെന്നും രാജിയ്ക്ക് പിന്നാലെ അദ്ദേഹം ആരോപിച്ചിരുന്നു. നിലവിലെ പ്രതിസന്ധിക്ക് കാരണം സുഖുവാണെന്നും എംഎല്‍എമാരെ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ലെന്നും വിക്രമാദിത്യ സിങ് കുറ്റപ്പെടുത്തി.’വീരഭദ്ര സിങിന്റെ സ്മരണയിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പിന് മുന്‍പ് വീരഭദ്ര സിങിന്റെ ചിത്രം വച്ച് പത്ര പരസ്യം പാര്‍ട്ടി നല്കി. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം സുഖു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ വീഴ്ചകള്‍ ഉണ്ടായി. അതിന്റെ പര്യവസാനമാണ് ഇന്നലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്നും വിക്രമാദിത്യ സിങ് പറഞ്ഞു.
മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖുവിനെ മാറ്റി പ്രതിസന്ധി പരിഹരിക്കുന്നതിനെപ്പറ്റി കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് എംഎല്‍എമാരുമായി പാര്‍ട്ടി ദേശീയ നേതൃത്വം ചര്‍ച്ച നടത്തി. പ്രശ്നപരിഹാരത്തിന് ഡി കെ ശിവകുമാര്‍, ഭൂപീന്ദര്‍ സിങ് ഹൂഡ എന്നിവരെ നിയോഗിച്ചിരുന്നു. ഇവര്‍ വിക്രമാദിത്യയുമയി ചര്‍ച്ച നടത്തിയിരുന്നു.