തിരുവനന്തപുരം : മൂന്നാം വട്ടവും പാര്‍ട്ടി അധികാരത്തില്‍ വരാതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ത്ഥിക്കണമെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്. രണ്ടു വട്ടം അധികാരത്തിലേറുമ്പോള്‍ പാര്‍ട്ടിക്ക് ധാര്‍ഷ്ട്യം കൂടും. മൂന്നാം വട്ടവും അധികാരത്തില്‍ തുടരുന്നത് പാര്‍ട്ടിയെ നശിപ്പിക്കും. പശ്ചിമ ബംഗാളില്‍ നാം അത് കണ്ടതാണെന്ന് സച്ചിദാനന്ദന് പറഞ്ഞു.
അതുകൊണ്ടുതന്നെ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരല്ലേ എന്നു പ്രാര്‍ത്ഥിക്കാനാണ് എന്റെ സഖാക്കളോട് പറയാറുള്ളത്. കാരണം അത് പാര്‍ട്ടിയെ നശിപ്പിക്കും. സച്ചിദാനന്ദന് അഭിപ്രായപ്പെട്ടു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ പ്രത്യേക അഭിമുഖപരിപാടിയായ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു സര്‍ക്കാരിന്റെ പൊലീസ് നയത്തോട് വിയോജിപ്പുണ്ട്. പ്രത്യേകിച്ചും, യുഎപിഎ നിയമം, മാവോയിസ്റ്റ് വേട്ട തുടങ്ങിയവയില്‍ പോലീസ് നടപടികളെ എപ്പോഴും എതിര്‍ത്തിട്ടുണ്ട്. സേനയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിനു കാരണമെന്നാണ് ഇടതുപക്ഷക്കാര്‍ ഉയര്‍ത്തുന്ന വാദം. അതൊരു ന്യായീകരണവും കാരണവുമാകാം.
എന്തായാലും യുഎപിഎയും സമാനമായ നിയമനിര്‍മ്മാണങ്ങളും അംഗീകരിക്കാനാകില്ല. ഗ്രോ വാസുവിനെതിരായ നിലപാട്, ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം, ഒരു പാര്‍ട്ടിയും തങ്ങളേക്കാള്‍ വലുതാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന പൊതു ജനങ്ങളുടെ ഒരു തിരുത്തല്‍ ശക്തി കേരളത്തിലുണ്ടെന്നും സച്ചിദാനന്ദന് അഭിപ്രായപ്പെട്ടു.