ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിനോട് ചേർന്നുള്ള നുഹിൽ നടന്ന മതപരമായ ഘോഷയാത്രയ്ക്കിടെ സംഘർഷത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വെടിയേറ്റ ഹോംഗാർഡുകളാണ് കൊല്ലപ്പെട്ടത്. ഏഴു പൊലീസുകാർ അടക്കംനിരവധി പേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾ കത്തിച്ചു. മേഖലയിൽ രാത്രി വൈകിയും സംഘർഷം തുടരുകയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ചവരെ നൂഹ് ജില്ലയിൽ ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു.
വിശ്വഹിന്ദു പരിഷത്ത് നടത്തിയ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്കിടെയാണ് സംഘർഷമുണ്ടായത്. ഗുരുഗ്രാം-ആൾവാർ ദേശീയ പാതയിലെത്തിയ ഘോഷയാത്ര ഒരു സംഘം യുവാക്കൾ തടയുകയും കല്ലെറിയുകയുമായിരുന്നു. അക്രമികൾ കാറുകൾക്കും തീയിട്ടു. കുട്ടികളടക്കം 2500 ഓളം പേർ സമീപമുള്ള ക്ഷേത്രത്തിൽ അഭയം പ്രാപിച്ചു. സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
പശുക്കടത്ത് ആരോപിച്ച് ഹരിയാനയിൽ രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയായ സംഘപരിവാർ പ്രവർത്തകൻ മോനു മനേസറും സംഘവും യാത്രയിൽ പങ്കാളികളായത് സംഘർഷത്തിന് കാരണമായിട്ടുണ്ട്. ഇതോടൊപ്പം ഒരു വിഎച്ച്പി പ്രവർത്തകൻ സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റിട്ടതും ഏറ്റുമുട്ടലിന് വഴിയൊരുക്കി.ഹരിയാനയിൽ ന്യൂനപക്ഷങ്ങൾ കൂടുതലായുള്ള മേഖലകളിലൊന്നാണ് നൂഹ് ജില്ല.ജനങ്ങൾ സമാധാനം പാലിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ നിർദേശിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്നും ഖട്ടാർ വ്യക്തമാക്കി. . നൂഹിൽ സ്ഥിതി മോശമാണെന്നും ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് പ്രതികരിച്ചു.