പന്തളം : വിദ്യാർഥി അടക്കം രണ്ടുപേർക്ക് വളർത്തുനായുടെ കടിയേറ്റ് പരിക്ക്. വീട്ടുടമ പട്ടിയെ തല്ലിക്കൊന്നു കുഴിച്ചുമൂടി. പന്തളം, മുടിയൂർക്കോണം, തോട്ടുകണ്ടത്തിൽ തെക്കേതിൽ ജിതിൻ (28), പന്തളം ,മുടിയൂർക്കോണം രാജേഷ് ഭവനിൽ രാജേഷിന്റെ മകൻ പന്തളം എൻ.എസ്.എസ് ബോയ്സ് ഹൈസ്കൂളിൽ ഏഴാംക്ലാസ് വിദ്യാർഥി ശ്രീ വിഷ്ണു (13), എന്നിവരെയാണ് വളർത്തുനായ് കടിച്ചത്. തിങ്കളാഴ്ച രാവിലെ സ്കൂളിൽ പോകുന്നതിനായി റോഡരികിൽ നിൽക്കുമ്പോൾ പന്തളം, മുടിയൂർക്കോണം സ്വാതി ഭവനിൽ ശശിയുടെ ഉടമസ്ഥതയുള്ള വളർത്തുനായ് ഇരുവരെയും കടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ഇരുവരെയും പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പിന്നീട് അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്ന് മണിക്കൂറുകൾക്കകം വീട്ടുടമ വളർത്തുനായെ തല്ലിക്കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. വാർഡ് കൗൺസിൽ സൗമ്യ സന്തോഷ് വിവരം അറിയിച്ചതനുസരിച്ച് ചൊവ്വാഴ്ച രാവിലെ മൃഗഡോക്ടറും സംഘവും ശശിയുടെ വീട്ടിലെത്തി നായെ പുറത്തെടുത്ത് തിരുവല്ല, മഞ്ചാടിയിൽ കൊണ്ടുപോയി പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ നായക്ക് പേവിഷമുണ്ടെന്ന് കണ്ടെത്തി. പിന്നീട് നായെ വളർത്തിയ വീട്ടിലെ എല്ലാവരും പ്രതിരോധ നടപടി സ്വീകരിക്കാൻ ഡോക്ടർ നിർദേശം നൽകി.