തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. വ്യാപാരിയെ പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചാണ് ഇവർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. പൊലീസുകാരനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുൺ എന്നിവരെ പൊലീ സ് അറസ്റ്റ് ചെയ്തു.
സാന്പത്തിക തട്ടിപ്പുകേസിൽ സസ്പെൻഷനിലാണ് വിനീത് ഇപ്പോൾ.ടൈൽസ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. മറ്റൊരു പൊലീ സുകാരന്റെ കാറാണ് തട്ടികൊണ്ട് പോകാൻ വാടകക്കെടുത്തത്. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാഹന പരിശോധനക്കെന്ന പേരിലാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി പൊലീസ് വേഷത്തിലെത്തിയ പ്രതികള്‍ ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാർ കൈ കാണിച്ചു നിർത്തിയത്.കാർ നിർത്തിയ ശേഷം അക്രമികൾ മുജീബിന്റെ കാറിൽ കയറി കൈയിൽ വിലങ്ങ് ഇട്ട് ബന്ധിക്കുകയായിരുന്നു.
കൈവിലങ്ങു വച്ച് മറ്റൊരു വാഹനത്തിലേയ്ക്ക് കയറ്റാൻ ശ്രമിക്കവേ വ്യാപാരിയായ മുജീബ് ഉറക്കെ നിലവിളിച്ചതിനാൽ ഇവർ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിന്നീട് പൊലീ സ് സംഘം സ്ഥലത്തെത്തിയാണ് വിലങ്ങ് അഴിച്ച് മുജീബിനെ മോചിപ്പിച്ചത്.