റിയാദ്: ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനിടയിൽ രണ്ട് മലയാളി തീർത്ഥാടകർ മരിച്ചു. മുകേരി മഹല്ല് ഖാസി എൻ.പി.കെ അബ്ദുല്ല ഫൈസി, കൊടുങ്ങല്ലൂർ സ്വദേശി സാജിത എന്നിവരാണ് മരിച്ചത്.
പണ്ഡിതനും റഹ്മാനിയ അറബിക് കോളേജ് പ്രൊഫസറുമായിരുന്ന എൻ.പി.കെ അബ്ദുല്ല ഫൈസി ബുധനാഴ്ച രാവിലെയാണ് മരണമടഞ്ഞത്. ഭാര്യയുടെ കൂടെയാണ് ഇദ്ദേഹം ഹജ്ജ് കർമങ്ങൾ നിർവഹിക്കാനെത്തിയത്. അറഫാ സംഗമം കഴിഞ്ഞ് മുസ്ദലിഫയിൽ വെച്ചായിരുന്നു മരണം.കൊടുങ്ങല്ലൂർ സ്വദേശിനിയായ സാജിത (52) മിനായിലെ ആശുപത്രിയിലാണ് മരണപ്പെട്ടത്. കൊടുങ്ങല്ലൂർ പുതുവീട്ടിൽ ഹബീബിന്റെ ഭാര്യയാണ് മരിച്ച സാജിത . ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് സാജിതയെ ആംബുലൻസ് സഹായത്തോടെയായിരുന്നു അറഫ സംഗമത്തിന് എത്തിച്ചത്. മിന അൽ ജസർ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂരിൽ നിന്നും സ്വകാര്യ ഗ്രൂപ്പിലാണ് സാജിത ഹജ്ജിനെത്തിയത്.