ആലപ്പുഴ: നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മരിച്ചു. മൂന്ന് പേർക്കു പരിക്കേറ്റു.ഡി.വൈ.എഫ്.ഐ മാരാരിക്കുളം ഏരിയ സെക്രട്ടറി രജീഷ് (32), സുഹൃത്ത് അനന്തു (29) എന്നിവരാണു മരിച്ചത്. സുഹൃത്തുക്കളായ അഖിൽ (27), സുജിത്ത് (26), അശ്വിൻ (21) എന്നിവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രാത്രി ഒൻപതോടെ പ്രീതികുളങ്ങര തെക്കായിരുന്നു അപകടം. ഡി.വൈ.എഫ്ഐ പ്രവർത്തകരായ രജീഷും സുഹൃത്തുക്കളും മാരൻകുളങ്ങരയിൽ നിന്നു കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡിലെ വളവിൽ കലുങ്കിന്റെ കൈവരി ഇല്ലാത്ത ഭാഗത്തുകൂടി കയറി സമീപത്തെ വീടിന്റെ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ശബ്ദം കേട്ടു നാട്ടുകാരും വീട്ടുകാരും ഓടിയെത്തിയപ്പോൾ കാർ മറിഞ്ഞ നിലയിലായിരുന്നു. തുടർന്ന് മണ്ണഞ്ചേരി പൊലീസും അഗ്നിശമന രക്ഷാസേനയും എത്തി കാർ നേരെയാക്കിയാണ് യാത്രക്കാരെ പുറത്തെടുത്തത്.