തിരുവനന്തപുരം: സംസ്ഥാനത്തെ പരമോന്നത ചലചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്കാരം സംവിധായകന് ടി.വി ചന്ദ്രന്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിച്ച പൊന്തന്മാട (1993) എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡുള്‍പ്പടെ ആറ് ദേശീയ അവാര്‍ഡുകളും പത്ത് സംസ്ഥാന അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
കബനീനദി ചുവന്നപ്പോള്‍ എന്ന ചിത്രത്തില്‍ നായകനായിട്ടാണ് 1975ല്‍ അദ്ദേഹം സിനിമാ രംഗത്തേക്ക് ചുവടുവെച്ചത്. സമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ ആധാരമാക്കിയുള്ളതാണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും. പൊന്തന്മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം, സൂസന്ന, മങ്കമ്മ, ഡാനി, പാഠം ഒന്ന് ഒരു വിലാപം, കൃഷ്ണന്‍കുട്ടി, ഹേമാവിന്‍ കാതലര്‍കള്‍, ആലീസിന്റെ അന്വേഷണം, കഥാവശേഷന്, ആടുംകൂത്ത്, വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, ശങ്കരനും മോഹനും, മോഹവലയം, പെങ്ങളില, ഭൂമിയുടെ അവകാശികള്‍, എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍.
റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ടി.വി ചന്ദ്രന് ആ ജോലി ഉപേക്ഷിച്ചാണ് സിനിമാ രംഗത്തേക്ക് കടന്നു വന്നത്.ഒമ്പത് ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം സംവിധാനം ചെയ്ത ‘ആലീസിന്റെ അന്വേഷണം’ ലൊകാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. പൊന്തന്മാട, മങ്കമ്മ, ഡാനി, ഓര്‍മ്മകളുണ്ടായിരിക്കണം, പാഠം ഒന്ന് ഒരു വിലാപം, സൂസന്ന, കഥാവശേഷന്, ആടുംകൂത്ത്, ഭൂമിമലയാളം എന്നിവയാണ് വിവിധ വിഭാഗങ്ങളില്‍ ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ച സിനിമകള്‍. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം ലഭിക്കുന്ന 30ാമത്തെ വ്യക്തിയാണ് ടി.വി ചന്ദ്രന്.
2021ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ കെ.പി കുമാരന് ചെയര്‍മാനും, നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്, നടിയും സംവിധായികയുമായ രേവതി എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
1950 നവംബര്‍ 23ന് തലശ്ശേരിയില്‍ ജനിച്ചു. അച്ഛന് മുരിക്കോളി കണ്ണോത്ത് നാരായണന് നമ്പ്യാര്‍, അമ്മ കാര്‍ത്ത്യായനി അമ്മ. മുഴുപ്പിലങ്ങാട് കടമ്പൂര് എല്‍.പി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കോഴിക്കോട് ഫറൂഖ് കോളേജ് എന്നിവിടങ്ങളില്‍നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ ശേഷം ബാംഗ്ളൂരിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടര്‍ന്ന് റിസര്‍വ് ബാങ്കില്‍ ജോലി ലഭിച്ചു. 1981ല്‍ സ്വന്തം നിര്‍മ്മാണത്തില്‍ സംവിധാനം ചെയ്ത ‘കൃഷ്ണന്‍കുട്ടി’യാണ് ആദ്യ ചിത്രം. ‘ഹേമാവിന്‍ കാതലര്‍കള്‍’ എന്ന രണ്ടാമത്തെ ചിത്രം തമിഴിലാണ് ചെയ്തത്. തുടര്‍ന്ന് ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍നിന്ന് ലോണെടുത്ത് ‘ആലീസിന്റെ അന്വേഷണം’ നിര്‍മ്മിച്ചു. സിനിമകള്‍ക്കു പുറമെ മൂന്ന് ഡോക്യുമെന്ററികളും മൂന്ന് ഹ്രസ്വചിത്രങ്ങളും ഒരു ടെലി സീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. മൂന്നു ചിത്രങ്ങളില്‍ അഭിനേതാവായി. ഭാര്യ രേവതി. മകന് യാദവന്.