ബെർലിൻ: യൂറോ കപ്പിലെ ആവേശപ്പോരാട്ടത്തിൽ ഓസ്ട്രിയയെ വീഴ്ത്തി തുർക്കി ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരന്നു തുർക്കിയുടെ ജയം.ഇരട്ട ഗോളുകൾ നേടിയ മെറിഹ് ഡെമിറലിന്റെ മികവിലാണ് തുർക്കിയുടെ ജയം. ക്വാർട്ടറിൽ നെതർലൻഡ്സാണ് തുർക്കിയുടെ എതിരാളികൾ.
മത്സരത്തിന്റെ ഒന്നാം മിനിറ്റിൽതന്നെ ഓസ്ട്രിയയെ ഞെട്ടിച്ചുകൊണ്ട് മെറിഹ് ഡെമിറൽ തുർക്കിക്കായി ഗോൾ നേടി. ഗോൾ വഴങ്ങിയതോടെ ഓസ്ട്രിയ മികച്ച മുന്നേറ്റങ്ങൾ നടത്തി. സാബിറ്റ്സറും അർണാടോവിക്കും തുർക്കിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടേയിരുന്നു. എന്നാൽ തുർക്കിയുടെ പ്രതിരോധനിരയെ ഭേദിക്കാൻ ഇവർക്കായില്ല.രണ്ടാം പകുതിയിലും ഓസ്ട്രിയ ആക്രമണം തുടർന്നു. എന്നാൽ മികച്ച സേവുകളിലുടെ തുർക്കി ഗോളി ടീമിന്റെ രക്ഷകനായി. 59-ാം മിനിറ്റിൽ കിട്ടിയ അവസരം മെറിക് ഡെമിറൽ ലക്ഷ്യത്തിലെത്തിച്ച് തുർക്കിയുടെ ലീഡ് വർധിപ്പിച്ചു. ഇതോടെ ഓസ്ട്രിയ സമ്മർദത്തിലായി.
നിരന്തരമായ പോരാട്ടങ്ങൾക്കൊടുവിൽ 66-ാം മിനിറ്റിൽ ഓസ്ട്രിയ ആശ്വാസ ഗോൾ കണ്ടെത്തി. പകരക്കാരനായി എത്തിയ മൈക്കൽ ഗ്രഗോറിറ്റ്സാണ് ഓസ്ട്രിയയ്ക്കായി ഗോൾ കണ്ടെത്തിയത്. പിന്നീട് സമനില ഗോളിനായി ഓസ്ട്രിയ പോരാടിയെങ്കിലും മികച്ച സേവുകളിലുടെ തുർക്കി ഗോളി ടീമിനെ വിജയത്തിലെത്തിച്ചു.