ന്യൂഡൽഹി : അമേരിക്കയിൽ അനധികൃത കുടിയേറ്റത്തിന് പിടിയിലായി നാടുകടത്തപ്പെട്ട സിഖുകാരെ തലപ്പാവ് ധരിക്കാൻ അനുവദിച്ചില്ലെന്ന് ആക്ഷേപം. ഇതിനെതിരെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) അടക്കം രംഗത്തുവന്നു. തലപ്പാവില്ലാതെ അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയ സിഖുകാരുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തലപ്പാവ് ധരിക്കാതെ നിരവധി പേർ തറയിൽ ഇരിക്കുന്നത് വിഡിയോയിൽ കാണാം.
തങ്ങളെ തലപ്പാവ് ധരിക്കാൻ അനുവദിച്ചില്ലെന്ന് ഫെബ്രുരി 15ന് യുഎസ് സൈനിക വിമാനത്തിൽ വന്നിറങ്ങിയയാൾ പറഞ്ഞു. യുഎസ് അധികൃതരുടെ നടപടിയെ എസ്ജിപിസി ശക്തമായി അപലപിച്ചു. അമൃത്സർ വിമാനത്താവളത്തിൽ വന്നിറങ്ങിയവർക്ക് എസ്ജിപിസി പ്രവർത്തകർ തലപ്പാവ് നൽകുകയും ചെയ്തു.
‘നാടുകടത്തപ്പെട്ടവരെ ചങ്ങലകളിൽ ബന്ധിച്ചതും സിഖുകാർക്ക് തലപ്പാവ് നിഷേധിച്ചതും ഖേദകരമാണ്’ -വിവാദത്തോട് പ്രതികരിച്ചുകൊണ്ട് എസ്ജിപിസി ജനറൽ സെക്രട്ടറി ഗുർചരൺ സിംഗ് ഗ്രേവാൾ പറഞ്ഞു. ഈ വിഷയം എസ്ജിപിസി ഉടൻ തന്നെ യുഎസ് അധികാരികളുമായി ചർച്ച ചെയ്യും. തലപ്പാവ് സിഖുകാരന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഖുകാരെ തലപ്പാവ് ധരിക്കാതെ നാടുകടത്തിയതിനെ ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ് മജീതിയയും അപലപിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദേശകാര്യ മന്ത്രാലയം ഉടൻ തന്നെ യുഎസ് അധികാരികളുമായി വിഷയം ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം വന്നിറങ്ങിയ വിമാനത്തിൽ 65 പേർ പഞ്ചാബിൽ നിന്നുള്ളവരാണ്. കൂടാതെ ഹരിയാനയിൽനിന്ന് 33 പേരുമുണ്ട്.