പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രമുഖ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ നിഗമനങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണത്തില്‍ നിന്നും കാര്യമായ വര്‍ധന ഇത്തവണയുണ്ടാകില്ലെന്ന് അദ്ദേഹം പറയുന്നു. 370 സീറ്റ് ഒറ്റക്ക് നേടുക എന്ന മോദിയുടെ സ്വപ്നം നടക്കാന്‍ പോകുന്നില്ലന്നുമുള്ള പ്രശാന്ത് കിഷോറിന്റെ പ്രവചനം ഏറെക്കുറെ കൃത്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മോദിക്കെതിരായ തരംഗമില്ല എന്ന പ്രശാന്ത് കിഷോറിന്റെ കണ്ടെത്തലിനെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടാന്‍ കഴിയാത്തത് പോരായ്മയായെന്ന പ്രശാന്ത് കിഷോറിന്റെ നിഗമനത്തോട് മറ്റു തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും യോജിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ നരേന്ദ്രമോദിയുടെ അനുകൂലഘടകങ്ങളില്‍ പ്രധാനപ്പെട്ടത് ഇന്ത്യാ മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയില്ലായിരുന്നു എന്നത് തന്നെയായിരുന്നു.
നാല് ഘട്ടം തെരഞ്ഞെടുപ്പുകളിലുമുണ്ടായ പോളിംഗ് ശതമാനത്തിന്റെ കുറവ് ബിജെപിയെ തെല്ലൊന്ന് പരിഭ്രമിപ്പിച്ചിരുന്നു. എന്നാല്‍ അവരുടെ സീറ്റുകളെ അത് കാര്യമായി ബാധിക്കില്ലന്നാണ് പ്രശാന്ത് കിഷോര്‍ നല്കുന്ന സൂചന. എന്നാല്‍ 370 സീറ്റെന്ന മോദിയുടെ പ്രഖ്യാപനം വെള്ളത്തില്‍ വരച്ച വര പോലെയാകുമെന്നും പ്രശാന്ത് കിഷോര്‍ പറയുന്നുണ്ട്. 2019 ല്‍ നേടിയ വിജയത്തിനപ്പുറം കടക്കാന്‍ ഏതായാലും ബിജെപിക്ക് കഴിയില്ലന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. രാമക്ഷേത്രവും 370ആം വകുപ്പ് റദ്ദാക്കലുമൊന്നും ബിജെപിക്ക് കാര്യമായ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയിട്ടില്ല. അങ്ങനെ വരുമ്പോള്‍ 272-300 സീറ്റില്‍ തന്നെ ബിജെപി ഒതുങ്ങാനാണ് സാധ്യതയെന്ന പ്രശാന്ത് കിഷോറിന്റെ നിഗമനത്തെ ഭൂരിഭാഗം തെരെഞ്ഞെടുപ്പ് വിദഗ്ധരും പിന്തുണക്കുന്നു.
തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ബിജെപി അധികമായി 20-25 സീറ്റുകള്‍ നേടുമെന്നാണ് പ്രശാന്ത് കിഷോര്‍ പ്രവചിക്കുന്നത്. ഇപ്പോള്‍ തന്നെ ഈ മേഖലയില്‍ നിന്നും ബിജെപിക്ക് അമ്പതിനടുത്ത് സീറ്റുകള്‍ ഉണ്ട്. പുതുതായി ലഭിക്കുന്ന സീറ്റുകള്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമായിരിക്കും. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് തന്നെയാണ് പ്രശാന്ത് അഭിപ്രായപ്പെടുന്നത്. കേരളത്തില്‍ ബിജെപി സീറ്റുനേടുമെന്ന് ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പ് നിരീക്ഷകന് പറയുന്നത് എന്ന പുതുമയും ഈ നിരീക്ഷണത്തിനുണ്ട്. അതോടൊപ്പം ബംഗാളിലും തെലങ്കാനയിലും ഒഡീഷയിലും ബിജെപി കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റു നില മെച്ചെപ്പടുത്തമെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കുണ്ടാകുന്ന നേട്ടമായിരിക്കും ഒരു
പക്ഷെ മൂന്നാം തവണയും ആ പാര്‍ട്ടിക്ക് ഭരണം നേടിക്കൊടുക്കുക എന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഏതാണ്ട് 90 ശതമാനം സീറ്റുകളും ബിജെപി നേടുമെന്ന വിലയിരുത്തലാണ് പ്രശാന്ത് കിഷോര്‍ മുന്നോട്ട് വയ്കുന്നത്. ബിജെപിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളാണ് ഈ സംസ്ഥാനങ്ങള്‍. അവിടെ സീറ്റുകള്‍ കാര്യമായി കുറയില്ലെന്നത് ബിജെപിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയും, വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ തല്‍സ്ഥിതി നിലനിര്‍ത്തുകയും ചെയ്യുകയാണെങ്കില്‍ ബിജെപിക്ക് കഴിഞ്ഞ തവണത്തെപോലെ 300 സീറ്റുകള്‍ കടക്കാന്‍ കഴിയുമെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്.മോദിയുടെ ജനകീയതയും ബിജെപിയുടെ സംഘടനാ ശേഷിയുമാണ് ഈ നേട്ടത്തിന് പിന്നിലുള്ളതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ എല്ലായിടത്തും ഒരേ പോലെ സംഘടനാശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നത് ബിജെപിയുടെ ഒരു പ്ളസ് പോയിന്റായി പല പ്രമുഖ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും വിലയിരുത്തിയിട്ടുണ്ട്.
മോദിയുടെ മൂന്നാം വരവിനായി തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി കൂടുതല്‍ സീറ്റുകള്‍ നേടുന്നത് മുന്‍നിര്‍ത്തി ബിജെപി നേരത്തെ തന്നെ കരുക്കള്‍ നീക്കിയിരുന്നു. ഇതിന്റെ ഫലമായിട്ടാണ് ഈ നേട്ടമെന്നും വിലയിരുത്തപ്പെടുന്നു.മോദി ആദ്യമേ അവകാശപ്പെട്ടതുപോലെ വമ്പന്‍ വിജയമൊന്നും ബിജെപിക്ക് ലഭിക്കില്ലെങ്കിലും കഴിഞ്ഞ തവണത്തെ സീറ്റു നില അതേ പോലെ നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിയുമെന്ന സൂചന തന്നെയാണ് മിക്ക തെരഞ്ഞെടുപ്പ് വിദഗ്ധരും നല്‍കുന്നത്. മൂന്നാം തവണയും മോദി എന്ന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞുവെന്ന ബിജെപിയുടെ അവകാശ വാദം സത്യമായിത്തീരുന്നുവെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നതിന്റെ സാരം.