ന്യൂഡല്‍ഹി : ഇന്ത്യ പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ, പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. അതിര്‍ത്തിയിലെ വെടിനിര്‍ത്തലിനെക്കുറിച്ചും ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
”പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം എത്രയും വേഗം വിളിച്ചു ചേര്‍ക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. വെടിനിര്‍ത്തല്‍ ആദ്യം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയും പഹല്‍ഗാം തീവ്രവാദ ആക്രമണവും ഓപ്പറേഷന് സിന്ദൂറും ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും സമ്മേളനം പ്രധാനപ്പെട്ടതാണ്. മുന്നിലുള്ള വെല്ലുവിളികളെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയം പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണിത്. ഈ ആവശ്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു,”രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി.
രാജ്യസഭാ പതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇരു സഭകളുടെയും സമ്മേളനം വിളിക്കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ സംഘര്‍ഷം സംബന്ധിച്ച് പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടത്തണമെന്ന് ശിവസേനയും ആര്‍ജെഡിയും ആവശ്യപ്പെട്ടു.