തിരുവനന്തപുരം: കൂട്ടിലേക്ക് മാറ്റുന്നതിനിടെ മൃഗശാലയിൽ നിന്ന് പുറത്തേക്ക് ചാടിപ്പോയ ഹനുമാൻ കുരങ്ങനെ ഇനി സാഹസികമായി പിടിക്കേണ്ടതില്ലെന്നു മൃഗശാല അധികൃതർ തീരുമാനിച്ചു. കുരങ്ങനെ നിരീക്ഷിക്കൽ തുടരാനും തീരുമാനിച്ചിട്ടുണ്ട്. 12 ദിവസം കഴിഞ്ഞിട്ടും കുരങ്ങ് മൃഗശാലയിലേക്ക് മടങ്ങി വരാത്തതിനാൽ കറങ്ങി നടക്കട്ടേയെന്നാണ് തീരുമാനമെന്നു അധികൃതർ പറഞ്ഞു.
കുരങ്ങനെ സൗകര്യമായി വിഹരിക്കാൻ അതിന്റെ വഴിക്ക് വിടാനാണ് തീരുമാനം. മറിച്ച് പിടികൂടാൻ സാഹചര്യം ഒരുങ്ങിയാൽ കൂട്ടിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ആരോഗ്യപ്രശ്നങ്ങൾ കുരങ്ങനില്ലെന്നാണ് അനുമാനം. മയക്കുവെടി വച്ചു പിടികൂടുന്നത് കുരങ്ങിന്റെ ജീവൻ അപകടമുണ്ടാക്കുമെന്നതുകൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം മൃഗശാലയിൽനിന്ന് പുറത്ത് ചാടിയ കുരങ്ങൻ കനകനഗർ, നളന്ദ, കന്റോൺമെൻറ് ഹൗസ് വളപ്പ്, മാസ്കറ് ഹോട്ടൽ പരിസരം എന്നിവ കടന്ന് ഏറ്റവും ഒടുവിൽ പബ്ലിക് ലൈബ്രറി വളപ്പിലാണ് തമ്പടിച്ചിരിക്കുന്നത്. ഇവിടെ ആൽമരത്തിൽ വെള്ളിയാഴ്ച രാവിലെ മുതൽ കുരങ്ങൻ ഇരുപ്പുറപ്പിച്ചിരിക്കുകയാണ്.നഗരത്തിലേക്ക് കുരങ്ങൻ ഇറങ്ങിയതോടെ കാഴ്ചക്കാരും ഉണ്ട്.
ആൽമരത്തിലിരിക്കുന്ന ഹനുമാൻ കുരങ്ങിന് ഇന്നലെ മൃഗശാലയിൽ നിന്ന് കീപ്പർമാർ എത്തി പഴങ്ങൾ വച്ചു നൽകി അതെല്ലാം ഭക്ഷിച്ചെന്നാണ് മൃഗശാല അധികൃതർ പറയുന്നത്. വരും ദിവസങ്ങളിൽ അടുത്ത സ്ഥലങ്ങളിലേക്ക് മാറാനുള്ള സാധ്യതയാണ് കാണുന്നത്. മൃഗശാലയിൽ നിന്ന് അകലേക്കാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. അതിനാൽ സ്വമേധയാ വീണ്ടും മൃഗശാല വളപ്പിലേക്ക് മടങ്ങിവരാൻ സാധ്യത കുറവെന്നാണ് അധികൃതർ പറയുന്നു.