തിരുവനന്തപുരം : എംസി റോഡിന് സമാന്തരമായി തിരുവനന്തപുരം മുതൽ അങ്കമാലി വരെ 45 മീറ്റർ വീതിയിൽ നിർമിക്കുന്ന 4 വരി ( 257 കിലോമീറ്റർ ദൂരം ) ഗ്രീൻ ഫീൽഡ് ഹൈവേക്ക് പരിസ്ഥിതി അനുമതിയായി. കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാത നിർമിക്കുന്നത്. സ്ഥലമേറ്റെടുപ്പിന്റെ 75 ശതമാനം തുക ദേശീയപാത അതോറിറ്റിയും 25 ശതമാനം സംസ്ഥാന സർക്കാരുമാണ് നൽകുക.
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിങ് റോഡിൽ കിളിമാനൂരിന് അടുത്തുള്ള പുളിമാത്തു നിന്ന് ആരംഭിച്ച് തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിലൂടെയാണ് പാത കടന്നു പോകുന്നത്. സർവേയ്ക്കും മാപ്പിങ്ങിനും കല്ലിടലിനുമായി ഭോപ്പാൽ ആസ്ഥാനമായിട്ടുള്ള എൻജിനീയറിങ് കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. ഡപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ സ്ഥമേറ്റെടുപ്പ് യൂണിറ്റുകളും ഉടൻ തുടങ്ങും.
പരമാവധി ജനവാസ കേന്ദ്രങ്ങളും വന മേഖലയും ഒഴിവാക്കിയാണ് റോഡ് അലൈൻമെന്റ് തീരുമാനിച്ചിരിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതും. ടോൾ പിരിവുള്ള പാതയാകും ഇത്. ഈ വർഷം അവസാനമോ അടുത്തവർഷം ആദ്യമോ നിർമാണത്തിനുള്ള കരാർ ക്ഷണിക്കുമെന്നാണ് ദേശീയപാത അധികൃതർ നൽകുന്ന സൂചന. 2024 അവസാനമോ 2025 ലോ നിർമാണം ആരംഭിച്ചേക്കും