എറണാകുളം: തൃപ്പൂണിത്തുറയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ കൂടുതൽ പേരെ അന്വേഷണ സംഘം പ്രതി ചേർക്കും. ക്ഷേത്ര ഭരണസമിതിയിലുള്ളവരെയും ഉത്സവക്കമ്മിറ്റി ഭാരവാഹികളെയുമാണ് പ്രതിചേർക്കുക. കേസിലെ മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള മൂന്ന് പേരുടെ നിലഗുരുതരമായി തുടരുകയാണ്.
തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് വെടിക്കെട്ടിനായി എത്തിച്ച സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൻ്റെ കാരണം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫൊറൻസിക് പരിശോധന റിപ്പോർട്ടും ഫയർഫോഴ്സ് റിപ്പോർട്ടും ലഭിച്ചാലാണ് ഇക്കാര്യത്തിൽ വ്യക്തത വരിക. സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് കൈമാറും.
അതേ സമയം സംഭവത്തിൽ കൂടുതൽ പേരെ പ്രതിചേർക്കാനാണ് പൊലീസിൻ്റെ നീക്കം. ക്ഷേത്ര ഭരണസമിതിയിലുള്ളവരെയും ഉത്സവക്കമ്മിറ്റി ഭാരവാഹികളെയുമാണ് പ്രതിചേർക്കുക. കേസിലെ മുഖ്യപ്രതികളായ ദേവസ്വം പ്രസിഡണ്ട് സജീഷ് കുമാർ, സെക്രട്ടറി രാജേഷ്, ഖജാൻജി സത്യൻ എന്നിവർ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. നരഹത്യക്കാണ് ഇവർക്കെതിരെ കേസെടുത്തത്. അപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായിരുന്നു. പരിക്കേറ്റ 25 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മൂന്ന് പേരുടെ നിലഗുരുതരമാണ്.