കൊല്‍ക്കത്ത : രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളില്‍ ഒഴിവുവരുന്ന അഞ്ച് സീറ്റുകളിലേക്കാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. മാധ്യമ പ്രവര്‍ത്തക സാഗരിഗ ഘോഷ് അടക്കം നാലുപേരുടെ പട്ടികയാണ് തൃണമൂല്‍ പുറത്തുവിട്ടത്. 56 പേരുടെ ഒഴിവിലേക്ക് ഫെബ്രുവരി 27-നാണ് തെരഞ്ഞെടുപ്പ് നടക്കുക.
സാഗരിഗ ഘോഷിന് പുറമേ നിലവിലെ അംഗമായ നദിമുല്‍ ഹഖ്, തൃണമൂല്‍ വക്താവ് സുഷ്മിത ദേവ്, മുന്‍ ലോക്സഭാ എംപിയായ മമത ബല ഠാക്കൂര്‍ എന്നിവരും തൃണമൂല്‍ ടിക്കറ്റില്‍ രാജ്യസഭയില്‍ എത്തും. ‘ഇന്ദിര രാജ്യത്തെ കരുത്തയായ പ്രധാനമന്ത്രി’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. വാജ്പേയ് ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ അഭിമുഖങ്ങള്‍ ഉള്‍പ്പടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി ഭര്‍ത്താവാണ്.
ഉത്തര്‍പ്രദേശില്‍ പത്തും മഹാരാഷ്ട്രയിലും ബിഹാറിലും ആറുവീതവും മധ്യപ്രദേശില്‍ അഞ്ചും ഗുജറാത്തിലും കര്‍ണാടകയിലും നാലും ആന്ധ്രയിലും തെലങ്കാനയിലും രാജസ്ഥാനിലും ഒഡിഷയിലും മൂന്ന് വീതവും ഉത്തരാഖണ്ഡിലും ഛത്തീസ്ഗഢിലും ഹരിയാനയിലും ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ സീറ്റുമാണ് ഒഴിവുവരുന്നത്.