കണ്ണൂര്‍ : അയ്യന്‍കുന്നില്‍ മഞ്ഞപ്പിത്തം ബാധിച്ച ആദിവാസി യുവാവിന്റെ മരണം ചികിത്സ വൈകിയത് മൂലമെന്ന ആരോപണവുമായി കുടുംബം. കണ്ണൂര്‍ അയ്യന്‍കുന്ന് കുട്ടുകപ്പാറയിലെ രാജേഷ് (22) ആണ് മരിച്ചത്.ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും രാജേഷിന് ചികിത്സ വൈകിയെന്നാണ് കുടുംബം പറയുന്നത്. രാജേഷ് ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ചികിത്സയില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് പരിയാരം മെഡിക്കല്‍ കോളജിന്റെ വിശദീകരണം. ആശുപത്രികള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
വെളളിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ഇവിടെ നിന്നും രക്തപരിശോധന ഫലമുള്‍പ്പെടെ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ‘അവന് തീരെ വയ്യായിരുന്നു. ഛര്‍ദ്ദിയും വയറിളക്കവുമായിരുന്നു. ബ്ലഡ് ടെസ്റ്റ് ചെയ്തു. എട്ട് മണിക്ക് കിട്ടുമെന്ന് പറഞ്ഞു. ചെന്നപ്പോള്‍ ആയിട്ടില്ലെന്ന് പറഞ്ഞു. ഒമ്പത് മണിക്കും പത്ത് മണിക്കും പോയി നോക്കി. പതിനൊന്ന് മണിക്കാണ് അവസാനം ഫലം വന്നത്. തീരെ വയ്യായിരുന്നു. ഗ്ലൂക്കോസ് പോലും കയറ്റിയില്ല. ആരും തിരിഞ്ഞുനോക്കിയില്ല. നഴ്സുമാരും വന്നില്ല. പരിയാരത്തേക്ക് വിട്ടു. രണ്ട് ദിവസം പോലും ആയില്ല. പിന്നെ മരണവാര്‍ത്തയാണ് കേള്‍ക്കുന്നത്. പരിയാരത്തും ആരും തിരിഞ്ഞുനോക്കിയില്ല. നഴ്സുമാരോട് സഹായം ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇതുമാത്രമല്ല പണിയെന്നാണ് പറഞ്ഞത്’- സഹോദരി പറയുന്നു.
പരിയാരം മെഡിക്കല്‍ കോളജില്‍ വെളളിയാഴ്ച രാത്രിയെത്തിച്ചെങ്കിലും ഇന്നലെ വൈകീട്ട് വരെ മതിയായ ചികിത്സ നല്‍കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ഇന്ന് പുലര്‍ച്ചെയാണ് ഐസിയുവിലേക്ക് മാറ്റിയത്. ആറ് മണിയോടെയാണ് രാജേഷിന് മരണം സംഭവിച്ചത്.