ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തേള് പരാമര്‍ശവുമായി ബന്ധപ്പെട്ട ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന് താല്‍ക്കാലിക ആശ്വാസം. കേസിലെ വിചാരണ നടപടികള്‍ സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
2018 ഒക്ടോബറില്‍ ബെംഗളൂരു സാഹിത്യോത്സവത്തിലാണ് തരൂര്‍ പ്രധാനമന്ത്രി മോദിയെ ശിവലിംഗത്തിലെ തേളിനോട് ഉപമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവലിംഗത്തിലെ തേള് എന്ന് ആര് എസ് എസ് നേതാവ് വിശേഷിപ്പിച്ചെന്നാണ് ശശി തരൂര്‍ പറഞ്ഞത്. ഇതിനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബറാണ് കോടതിയില്‍ അപകീര്‍ത്തിക്കേസ് നല്‍കിയത്. ശശി തരൂര്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് 2020ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കേസ് റദ്ദാക്കണമെന്ന തരൂരിന്റെ ആവശ്യം ഓഗസ്റ്റില്‍ ഡല്‍ഹി ഹൈക്കോടതി തള്ളി. തുടര്‍ന്ന് സെപ്റ്റംബര്‍ 10ന് ഇരുകക്ഷികളോടും കോടതിയില്‍ വിചാരണയ്ക്കായി ഹാജരാകാനും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് തരൂര്‍ സുപ്രീംകോടതിയെ സമീപിച്ചത്.