തിരുവനന്തപുരം : നായയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ കുട്ടിക്ക് ചികിത്സ വൈകിയതായി പരാതി. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കാതെ രണ്ട് മണിക്കൂറോളം ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം.
ഇന്ന് രാവിലെ ഏഴിനാണ് പൗഡികോണം സ്വദേശിയായ നന്ദനയെ (17) അയല്‍വാസിയുടെ നായ കടിച്ചത്. ഏഴരയോടെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന് സുരക്ഷാ ജീവനക്കാരന് അറിയിച്ചു. ഒപി ടിക്കറ്റെടുത്ത് ഡോക്ടറെ കാണിക്കാന്‍ നിര്‍ദേശം നല്കി. കുട്ടിയുടെ മുറിവ് വൃത്തിയാക്കുകയോ പ്രാഥമിക ചികിത്സ നല്‍കുകയോ ചെയ്തില്ല. പിന്നീട് ക്യൂ നിന്ന് ഒപിയില്‍ ഡോക്ടറെ കാണാനായത് രണ്ട് മണിക്കൂറിന് ശേഷമാണെന്നാണ് പരാതി. സംഭവം വാര്‍ത്തയായതോടെ മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണം പ്രഖ്യാപിച്ചു.