


ന്യൂഡൽഹി : കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര മന്ത്രാലയത്തിന്റെ വിവിധ പോർട്ടലുകളുടെ പ്രവർത്തനപരമായ തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി കേരള ഗതാഗത മന്ത്രി സിപി ജോൺ, കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച തികച്ചും സൗഹാർദ്ദപരവും ക്രിയാത്മകവുമായിരുന്നുവെന്നും സംസ്ഥാനം മുന്നോട്ടുവെച്ച നിർദ്ദേശങ്ങളോട് കേന്ദ്രമന്ത്രി അനുകൂലമായി പ്രതികരിച്ചുവെന്നും മന്ത്രി അറിയിച്ചു.
വാഹൻ-സാരഥി തടസ്സങ്ങൾക്ക് ഒരാഴ്ചയ്ക്കകം പരിഹാരം; ഇ-ചലാൻ സംയോജനം ഉടൻ
കേരളത്തിൽ വാഹൻ, സാരഥി ഓൺലൈൻ സേവനങ്ങളെ ആവർത്തിച്ചു ബാധിക്കുന്ന സാങ്കേതിക തടസ്സങ്ങൾ കേന്ദ്രമന്ത്രി അടിയന്തരമായി കണക്കിലെടുത്തു. ഇതിനാവശ്യമായ പരിഹാര നടപടികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാൻ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന് കേന്ദ്രമന്ത്രി നിർദ്ദേശം നൽകി. ഇതോടൊപ്പം, മറ്റ് സംസ്ഥാനങ്ങളിൽ നിലവിലുള്ള ഇ-ചലാൻ പ്ലാറ്റ്ഫോം കേരള എൻഐസിയുമായി ഏകോപിപ്പിച്ച് ഏതാനും ദിവസങ്ങൾക്കകം സംസ്ഥാനത്തും സംയോജിപ്പിക്കാൻ തീരുമാനമായി.
വ്യാജ മലിനീകരണ സർട്ടിഫിക്കറ്റുകൾ റദ്ദാക്കും; ക്യാമറ ദൃശ്യങ്ങൾ പങ്കുവെക്കും
കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങൾ നൽകുന്ന വ്യാജ മലിനീകരണ നിയന്ത്രണസർട്ടിഫിക്കറ്റുകൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾ കേന്ദ്ര മന്ത്രാലയത്തെ അറിയിക്കാനും വ്യാജ സർട്ടിഫിക്കറ്റുകൾ സംസ്ഥാന തലത്തിൽ തന്നെ റദ്ദാക്കാനും കേന്ദ്രം നിർദ്ദേശിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
ദേശീയപാതകളിലെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്നിഷൻ ക്യാമറ ദൃശ്യങ്ങളും വെയ്റ്റ്-ഇൻ-മോഷൻ വിവരങ്ങളും കേരള മോട്ടോർ വാഹന വകുപ്പുമായി പങ്കിടുന്ന കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകും. വെയ്റ്റ്-ഇൻ-മോഷൻ സംവിധാനത്തിന്റെ നവീകരണം ഒരു വർഷത്തിനകം പൂർത്തിയാകുന്നതോടെ വിവരങ്ങൾ യഥാസമയം പങ്കുവെക്കാൻ സാധിക്കും. സംസ്ഥാനത്തെ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളും രജിസ്റ്റേർഡ് വാഹന പൊളിക്കൽ കേന്ദ്രങ്ങളും ഉടനടി പ്രവർത്തനക്ഷമമാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു.
കെഎസ്ആർടിസിക്ക് കേന്ദ്ര പിന്തുണ; ഹൈഡ്രജൻ ബസ് പ്രോജക്ട് വരുന്നു
കെഎസ്ആർടിസി ബസുകൾ നവീകരിക്കുന്നതിനായി സോഫ്റ്റ് ലോൺ ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രമന്ത്രി അനുകൂലമായി പ്രതികരിച്ചു. ഈ നിർദ്ദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സാമ്പത്തിക കാര്യ വകുപ്പിന് ശുപാർശ ചെയ്യും. പുതിയ ബസുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയവുമായിബന്ധപ്പെടാൻ സംസ്ഥാനത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളുടെ ഭാഗമായി അനെർട്ടുമായിസഹകരിച്ച് കെഎസ്ആർടിസിയിൽ ഹൈഡ്രജൻ ട്രാൻസ്പോർട്ടേഷൻ പൈലറ്റ് പ്രോജക്ട് നടപ്പിലാക്കുന്നതിന് കേന്ദ്രം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഈ പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കാൻ നിർദ്ദേശമുണ്ട്.