തൃശൂര്‍: തൃശൂരിൽ റെയില്‍പാളത്തില്‍ ആല്‍മരം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് ആലപ്പുഴ -കണ്ണൂര്‍ ഇന്റര്‍സിറ്റി വടക്കാഞ്ചേരിയില്‍ പിടിച്ചിട്ടു.കനത്ത മഴയെ തുടർന്നാണ് ആൽമരം വീണത്. ട്രാക്കില്‍നിന്ന് രാത്രിയോടെ മരം നീക്കം ചെയ്തെങ്കിലും വൈദ്യുതി ലൈനിലെ തകരാറിലായതിനെതുടര്‍ന്ന് തൃശൂര്‍-ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകുമെന്ന് അധികൃതര്‍ അറിയിച്ചു.
റെയില്‍വെ ലൈനിലെ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വണ്ടിപറമ്പ് പ്രദേശത്താണ് വൈകുന്നേരതോടെ പെയ്ത മഴയിലും കാറ്റിലും വലിയ ആൽമരം പതിച്ചത്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പുറമ്പോക്ക് സ്ഥലത്തെ രണ്ടു വീടുകൾക്ക് മുകളിലേക്ക് ആൽ മരം കടപുഴകി വീഴുകയായിരുന്നു. മരം റെയില്‍വെ ട്രാക്കിലേക്കും വീണു.അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ലൈല, മകൾ അനീഷ, അനീഷയുടെ മക്കളായ ജമീല, അഭിഭ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയോടെയാണ് മരം ട്രാക്കില്‍നിന്നും നീക്കം ചെയ്തത്.