അമരാവതി: ആന്ധ്രാപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നുവെന്ന് റിപ്പോര്‍ട്ട്. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
അപകടമുണ്ടായ ട്രെയിനുകളിലെ എല്ലാ യാത്രക്കാരേയും സംഭവസ്ഥലത്ത് നിന്നും മാറ്റിയെന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വിശാഖപട്ടണത്ത് നിന്നും ഇവര്‍ക്ക് വേണ്ടി പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും.വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്ത് ഞായറാഴ്ച വൈകിട്ട് ഏഴിനായിരുന്നു സംഭവം. റായഗഡയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്.
ഓവര്‍ ഹെഡ് കേബിള്‍ പൊട്ടിയതിനാല്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ അതേ ട്രാക്കിലൂടെ വന്ന പാലസ എക്സ്പ്രസ് ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് പാസഞ്ചറിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. ഈ ബോഗികളില്‍ ഉണ്ടായിരുന്നവര്‍ ആണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.