ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള എൽ.ഡി.എഫ് സർക്കാർ നീക്കം പുറത്തുകൊണ്ടു വന്ന് ഏഷ്യാനെറ്റ് ന്യൂസ്. ഹൈക്കോടതി വിധിക്ക് വിപരീതമായി ടിപി കേസ് പ്രതികളായ ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്ക് ജാമ്യം നൽകാനുള്ള നീക്കമാണ് ഏഷ്യാനെറ്റ് ന്യൂസ് വെളിയിൽ കൊണ്ടുവന്നത്. പൊലീസിന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നൽകിയ കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസ് ശനിയാഴ്ച രാവിലെ പുറത്തുവിട്ടതോടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ വീണ്ടും ടിപി കേസിലേക്ക് എത്തുകയായിരുന്നു.
ശിക്ഷ ഇളവില്ലാത്ത ജീവപര്യന്തം തടവിനാണ് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിട്ടുള്ളത്. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ച വിധി ഹൈക്കോടതി പറഞ്ഞത്. ഇത് മറികടക്കാനും പ്രതികളിൽ മൂന്നുപേർക്ക് ശിക്ഷാ ഇളവ് തന്നെ നൽകാനുമാണ് പിണറായി സർക്കാർ നീക്കം നടത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുവിട്ടതോടെ ടിപി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എം.എൽ.എയുമായ കെകെ രമ പ്രതികരണവുമായി രംഗത്തു വന്നു.ടി.പി. വധക്കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് രമ പ്രതികരിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കും. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്നും രമ പറഞ്ഞു.കെസി വേണുഗോപാലും തിരുവഞ്ചൂർ രാധാകൃഷ്ണനുമടക്കമുള്ള കോൺഗ്രസ് നേതാക്കളും സർക്കാരിന്റെ നീക്കത്തിനെതിരെ രംഗത്തു വരികയും ചെയ്തു. ഏഷ്യാനെറ്റ് വാർത്ത സൈബർ ലോകത്തും ചർച്ചയാണ്. ഇങ്ങനെയാണോ സിപിഎം തെറ്റ് തിരുത്തുന്നത് എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ കമന്റുകളിൽ നിറയുന്നത്.