കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ സിപിഎം നേതാക്കൾ കോടതിയിൽ എത്തി കീഴടങ്ങി. ടി.പി. വധക്കേസിൽ പത്താം പ്രതിയായ കെ.കെ. കൃഷ്ണൻ, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് മാറാട് പ്രത്യേക കോടതിയിൽ എത്തി കീഴടങ്ങിയത്. ജ്യോതി ബാബു ആംബുലൻസിലാണ് കോടതിയിൽ എത്തിയത്.
ഈ മാസം 26ന് ശിക്ഷാവിധിയുടെ വാദത്തിന് ഇവർ ഉൾപ്പെടെ എല്ലാ പ്രതികളെയും ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് ഇരുവരും ഇന്ന് കോടതിയിൽ കീഴടങ്ങിയത്. ടി.പി.ചന്ദ്രശേഖരൻ വധത്തിൽ കുറ്റക്കാരുടെ പട്ടികയിൽ കൂട്ടിച്ചേർക്കപ്പെട്ട 2 പേരടക്കം 8 പേർക്കു കൂടി ഗൂഢാലോചനയിൽ പങ്കുണ്ടെന്നു ഹൈക്കോടതി കണ്ടെത്തിയിരുന്നു. 10–ാം പ്രതി കെ.കെ.കൃഷ്ണൻ, 12–ാം പ്രതി ജ്യോതി ബാബു എന്നിവരാണു കുറ്റക്കാരുടെ ഗണത്തിൽ കൂട്ടിച്ചേർക്കപ്പെട്ടത്.