ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കി പുറത്തുവിടാനുള്ള നീക്കം സിപിഎം രാഷ്ട്രീയമായി കൈക്കൊണ്ടതാണെന്ന് സൂചന. രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പ് തന്നെ ഇവരെ പുറത്ത് വിട്ടേക്കാമെന്ന ഉറപ്പ് പാര്‍ട്ടി നേതൃത്വം തന്നെയാണ് പ്രതികള്‍ക്ക് നല്‍കിയത്. അപ്പോഴാണ് അപ്രതീക്ഷിതമായി ഹൈക്കോടതി വിധി വന്നത്. പ്രതികളെ 20 വര്‍ഷത്തേക്ക് പരോള്‍ പോലും നല്‍കാതെ ജീവപര്യന്തം ജയിലില്‍ പാര്‍പ്പിക്കണമെന്നായിരുന്നു വിധി. ജീവപര്യന്തം തടവ് എന്ന കീഴ്ക്കോടതി വിധി ഹൈക്കോടതി ഇരട്ടി ജീവപര്യന്തമായി ഉയര്‍ത്തുകയായിരുന്നു. ഇതോടെയാണ് ഇവരെ ജയിലില്‍ നിന്നും പുറത്തെത്തിക്കാനുള്ള നീക്കം പൊളിഞ്ഞത്.
2024 ഫെബ്രുവരി 27നാണ് ടിപി കേസ് പ്രതികളുടെ ജീവപര്യന്തം തടവ് ഇരട്ടി ജീവപര്യന്തമാക്കി ഉയര്‍ത്തിക്കൊണ്ടും, ഇരുപത് വര്‍ഷത്തേക്ക് പരോള്‍ നല്കാന് പാടില്ലന്നു നിര്‍ദേശം നല്കിക്കൊണ്ടും ഹൈക്കോടതി വിധി വന്നത്്. ഇതിന് മുമ്പെ തന്നെ സര്‍ക്കാര്‍ തലത്തില്‍ ഇവരെ പുറത്ത് വിടാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞിരുന്നു. വിധി വന്നിട്ടും അതിനുള്ള നീക്കം സജീവമായി സര്‍ക്കാര്‍ തുടരുകയാണുണ്ടായതെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ വ്യക്തമാക്കുകയാണ്. പ്രതികള്‍ക്കുളള ശിക്ഷായിളവിന് ചില മാനദണ്ഡങ്ങള്‍ ഉണ്ടാക്കണമെന്ന് 2018 ല്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ 2018 ല്‍ കേരളം ചില പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. രാഷ്ട്രീയ കൊലക്കേസ് പ്രതികള്‍ക്ക് ഒരു കാരണവശാലും ശിക്ഷാ കാലാവധിയായ പതിനാല് വര്‍ഷം പൂര്‍ത്തിയാകാതെ ശിക്ഷായിളവ് കൊടുക്കേണ്ടതില്ലെന്നായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. എന്നാല്‍ ടി പി കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കണമെന്ന ഉദ്ദേശത്തോടെ 2022 ല്‍ സര്‍ക്കാര്‍ പുതിയ ഒരു ഉത്തരവിറക്കി. ഇതില്‍ രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളെ ശിക്ഷാ ഇളവില്‍ നിന്നും ഒഴിവാക്കണമെന്ന നിര്‍ദേശം നീക്കം ചെയ്യപ്പെട്ടു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടിപി വധക്കേസിലെ പ്രതികളെ പുറത്തിറക്കാന്‍ പാര്‍ട്ടി തലത്തില്‍ വലിയ ശ്രമം തുടങ്ങിയിരുന്നു.
കേരള പ്രിസണ്‍സ് ആക്ടിലെ 78(20) വകുപ്പ് അനുസരിച്ച് ശിക്ഷാകാലാവധിയുടെ മൂന്നില്‍ ഒന്ന് താഴെയായിരിക്കണം ആകെ നല്കുന്ന പരോളെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ടി.പി കൊലക്കേസ് പ്രതികള്‍ എല്ലായിപ്പോഴും പരോളില്‍ പുറത്താണ്. അവര്‍ക്ക് ശിക്ഷായിളവ് നല്കണമെങ്കില് ഈ നിയമം തടസമാകുമെന്ന് കണ്ടതുകൊണ്ടാണ് 2022 ലെ ഉത്തരവിലൂടെ പ്രിസണ്‍ ആക്ടിലെ 78(2) വകുപ്പ് എടുത്തു കളഞ്ഞതെന്നാണ് ആരോപണം.ഹൈക്കോടതി വിധി വന്നിട്ടും ടിപിക്കേസിലെ പ്രതികളെ പുറത്തിറക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടന്നുവെന്ന് വ്യക്തമാവുകയാണ്.് പ്രതിയായ മുഹമ്മദ് ഷാഫിക്ക് വേണ്ടി ചൊക്ലി പൊലീസും അണ്ണന് സിജിത്തിന് വേണ്ടി പാനൂര്‍ പൊലീസും ടി പിയുടെ ഭാര്യയായ വടകര എംഎല്‍എ കെകെ രമയില്‍ നിന്നും മൊഴിയെടുത്തു. രമയുടെ ഓഫീസില്‍ എത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ഇതോടെയാണ് സംഭവം വിവാദമായത്. സംഗതി കൈവിട്ടുപോയപ്പോള്‍ ജയില്‍ ഉദ്യോഗസ്ഥരെ സസെപന്‍ഡ് ചെയ്ത് തടി രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന കാര്യവും വ്യക്തമാവുകയാണ്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ടി പി വധക്കേസിലെ ശിക്ഷാ ഇളവില്‍ പ്രതിപക്ഷം നിയമസഭയില്‍ സബ്മിഷന് കൊണ്ടുവരുമെന്നുറപ്പായതോടെയാണ് ഇവരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയത്.് ടിപിവധക്കേസ് പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കാനുള്ള യാതൊരു ഉദ്ദേശവുമില്ലന്നാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയമസഭയില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ജയില്‍ സൂപ്രണ്ടിന്റെ കത്ത് കമ്മീഷണര്‍ക്ക് ലഭിച്ച വിവരം പുറത്ത് വന്നതോടെ സര്‍ക്കാരിന് ഇതില്‍ നിന്നും തലയൂരിയേ മതിയാകൂ എന്നുവന്നു.ഇതോടെയാണ് ജയില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കാന്‍ തിരുമാനിച്ചത്.
ഹൈക്കോടതി വിധിയെങ്ങിനെ മറികടക്കാന്‍ കഴിയുമെന്നതിനെക്കുറിച്ചായിരുന്നു സര്‍ക്കാരും പാര്‍ട്ടിയും കൂലംങ്കഷമായി ചിന്തിച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ സര്‍ക്കാര്‍ പതിയെ തലയൂരുകയായിരുന്നു. ഭരണമില്ലാതെ വന്നാല്‍ ടിപിക്കേസിലെ പ്രതികള്‍ ദീര്‍ഘകാലം അകത്താകുമെന്നും അങ്ങിനെ വന്നാല്‍ അവരില്‍ നിന്നും പ്രമുഖ നേതാക്കള്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും പാര്‍ട്ടി നേതൃത്വം ഭയക്കുന്നുമുണ്ട്.