അഹ്മദാബാദ് : ഗുജറാത്തിലെ സൂറത്ത് ബിജെപി അധ്യക്ഷനാകാൻ കടുത്ത മത്സരം. 70 നേതാക്കളാണ് സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നായ സൂറത്തിലാണ് ഭരണകക്ഷി പാര്‍ട്ടിയുടെ തലവനാകാനുള്ള പോര് കടുക്കുന്നത്.
സംസ്ഥാന ബിജെപി അധ്യക്ഷൻ നിയോഗിച്ച നാലംഗ സമിതിയാണു ഭാരവാഹി തെരഞ്ഞെടുപ്പിനു മേൽനോട്ടം വഹിക്കുന്നത്. മുൻ അഹ്മദാബാദ് എംഎൽഎ രാകേഷ് ഷാ, പഞ്ച്മഹൽ ബിജെപി സംഘടനാ സെക്രട്ടറി കുൽദീപ് സോളങ്കി, ഛോട്ടാ ഉദൈപൂർ ബിജെപി ഇൻചാർജ് രമേശ് ഉകാനി, വൈസ് പ്രസിഡിന്റ് പങ്കജ് ദേശായ് എന്നിവരാണ് സംഘത്തിലുള്ളത്. ഇന്നലെ ഉദ്നയിലെ കമലം കാര്യാലയത്തിലെത്തിയ ഇവർ നാമനിർദേശ പത്രികകൾ സ്വീകരിച്ചു.
കഴിഞ്ഞ ദിവസത്തോടെ 70 സ്ഥാനാർഥികളാണ് സൂറത്ത് സിറ്റി ബിജെപി പ്രസിഡന്റ് സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചതെന്ന് രാകേഷ് ഷാ അറിയിച്ചു. എല്ലാ അപേക്ഷയും പരിശോധിച്ച ശേഷം പട്ടിക സംസ്ഥാന പാർലമെന്ററി ബോർഡിനു കൈമാറും. സമിതിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും രാകേഷ് പറഞ്ഞു.
നിലവിലെ സൂറത്ത് സിറ്റി ബിജെപി പ്രസിഡന്റ് നിരഞ്ജൻ സഞ്ച്മേറ വീണ്ടും മത്സരരംഗത്തുണ്ട്. 2020 നവംബറിൽ നിയമിതനായ നിരഞ്ജൻ കേന്ദ്ര മന്ത്രിയും ബിജെപി ഗുജറാത്ത് അധ്യക്ഷനുമായ സിആർ പാട്ടീലിന്റെ വിശ്വസ്തനാണ്. സൂറത്ത് മേയർ കൂടിയായിരുന്നു അദ്ദേഹം. സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റ് ജനക് ബഗ്ഡന, മുൻ സൂറത്ത് മേയർ ഡോ. ജഗദീഷ് പട്ടേൽ, മുൻ ഡെപ്യൂട്ടി മേയർ ദിനേഷ് ജോധാനി ഉൾപ്പെടെയുള്ളവർ പ്രസിഡന്റ് സ്ഥാനത്തിനായി നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.