തിരുവനന്തപുരം : രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിലെ മൂന്നു സർവകലാശാലയും കോഴിക്കോട് എൻഐടിയും ഇടംനേടി. ദേശീയ റാങ്കിങ് ഫ്രെയിംവർക്ക് റിപ്പോർട്ടിന്റെ ഓവറോൾ വിഭാഗത്തിൽ ആദ്യ അമ്പതിൽ കേരള സർവകലാശാലയും ആദ്യനൂറിൽ എംജി, എൻഐടി, കുസാറ്റ് , കാലിക്കറ്റ് എന്നിവയുമാണ് ഇടംപിടിച്ചത്. അധ്യാപനം, അടിസ്ഥാന സൗകര്യം, ഗവേഷണം, തൊഴിലധിഷ്ഠിത പരിശീലനം, ബിരുദധാരികളുടെ എണ്ണം, ഭിന്നശേഷി -സ്ത്രീസൗഹൃദ വിദ്യാഭ്യാസം തുടങ്ങി വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്.
മികച്ച നൂറ് കോളേജിൽ സംസ്ഥാനത്തുനിന്ന് 14 കോളേജുണ്ട്. ഇതിൽ മൂന്നെണ്ണം സർക്കാർ മേഖലയിലാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം വിമൻസ് കോളേജ് എന്നിവ 75 റാങ്കിനുള്ളിലാണ്. തുടർച്ചയായി ആറാം തവണയാണ് യൂണിവേഴ്സിറ്റി കോളേജ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി ദേശീയ റാങ്കിങ്ങിൽ ഇടം നേടുന്നത്. ആർട്സ് കോളേജിന് പുറമെ എൻജിനിയറിങ്, ആർക്കിടെക്ട് വിഭാഗത്തിലും സർക്കാർ കോളേജുകൾ റാങ്കിങ് മെച്ചപ്പെടുത്തി.
മികച്ച 40 ആർക്കിടെക്ട് സ്ഥാപനങ്ങളുടെ പട്ടികയിൽ 17-ാം റാങ്കോടെ ഇടം നേടിയ ഏക സ്ഥാപനമാണ് തിരുവനന്തപുരം എൻജിനിയറിങ് കോളേജ് (സിഇടി). എൻജിനിയറിങ് വിഭാഗത്തിൽ കോഴിക്കോട് എൻഐടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി, ഐഐടി പാലക്കാട് എന്നിവയും ഉണ്ട്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്നതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെയും ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെയും റാങ്ക്. ശ്രീചിത്ര മുൻവർഷത്തെ പത്താം സ്ഥാനം നിലനിർത്തുകയും മെഡിക്കൽ കോളേജ് 44– റാങ്കും നേടി. ദന്തൽവിഭാഗത്തിൽ തിരുവനന്തപുരം ദന്തൽ കോളേജ് 25–ാം റാങ്ക് നേടി.
ബംഗളൂരു ഐഐഎസ്സി രാജ്യത്തെ മികച്ച സർവകലാശാല
രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയായി ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനെ വീണ്ടും തെരഞ്ഞെടുത്തു. എൻഐആർഎഫ് പ്രകാരം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട പട്ടികയിൽ ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. പൊതുറാങ്കിങ്ങിൽ മദ്രാസ് ഐഐടി ഒന്നാമതും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് രണ്ടാമതുമെത്തി.