തിരുവനന്തപുരം : കിഫ്ബിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയ തടസം മറികടക്കാനാണ് ടോള്‍ ഏര്‍പ്പെടുത്തുന്നതെന്ന് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്. ടോള്‍ പിരിക്കുന്നതിലൂടെ കിഫ്ബിയുടെ വായ്പ പൊതുകടം അല്ലാതാകും. കേന്ദ്രത്തിന്റെ തടസ്സത്തെ മറികടക്കാന്‍ ഇതിലൂടെ കഴിയും. കിഫ് ബി റോഡുകളിലെ ടോള്‍ ദേശീയപാതയുടെ നാലിലൊന്ന് നിരക്ക് മാത്രമേ വരുവെന്നും ഐസക് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിക്കെതിരായ ആക്ഷേപങ്ങള്‍ എല്ലാം അടിസ്ഥാന രഹിതമാണ്. ടോളുകള്‍ പിരിക്കാത്ത വികസന മാതൃകയായിട്ടാണ് വിഭാവനം ചെയ്തത്. ആന്വിറ്റി മാതൃകയിലാണ് കിഫ്ബി ആവിഷ്കരിച്ചത്. സര്‍ക്കാര്‍ വാര്‍ഷിക ഗഡുക്കളായി പദ്ധതി ചെലവ് തിരികെ നല്‍കുമെന്നും തോമസ് ഐസക് പറഞ്ഞു. ആന്വിറ്റി സ്കീമിനെ എതിര്‍ത്തത് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. യുഡിഎഫ് ജനങ്ങളെ പറ്റിക്കരുത്. കിഫ്ബി മാതൃക പറ്റില്ലെങ്കില്‍ കേരളത്തിന്റെ വികസനത്തിനായി യുഡിഎഫിന്റെ കൈയില്‍ എന്ത് മാതൃകയാണുള്ളതെന്ന് വിഡി സതീശന് പറയണമെന്നും തോമസ് ഐസക് പറഞ്ഞു.
ഉപഭോക്താക്കളിൽ നിന്നും ടോൾ അടക്കമുള്ള യാതൊരു ചാർജും ഈടാക്കാതെയുള്ള മാതൃകയാണ് കിഫ്ബി മുന്നോട്ട് വെച്ചത്. എന്നാൽ അന്ന് ഇതിനെ എതിർത്തത് യുഡിഎഫാണ്. തിരിച്ചടവ് സർക്കാരിന്റെ സഞ്ചിത നിധിയിൽ നിന്നായതിനാൽ കിഫ്ബി വായ്പ, സർക്കാർ എടുക്കുന്ന വായ്പയ്ക് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാദിച്ചത്. 2019ൽ സിഎജി ഇതാവർത്തിച്ചപ്പോൾ പൂർണപിന്തുണയാണ് യുഡിഎഫ് നൽകിയത്. വായ്പയെടുത്ത് ദേശീയപാത പണിയുന്ന സ്ഥാപനമാണല്ലോ കേന്ദ്ര സർക്കാരിന്റെ നാഷണൽ ഹൈവേ അതോറിറ്റി (എൻഎച്ച്എഐ). എന്ത് കൊണ്ട്, എൻഎച്ച്എഐ-യുടെ വായ്പയെ കേന്ദ്രസർക്കാരിന്റെ കടത്തിൽ ഉൾപ്പെടുത്തുന്നില്ല എന്ന ചോദ്യം ഉയർത്തിയപ്പോൾ എൻഎച്ച്എഐ ടോൾ വഴിയും വരുമാനം സമാഹരിക്കുന്നുണ്ട് എന്നാൽ കിഫ്ബി അത് ചെയ്യുന്നില്ല എന്നാണ് പ്രതിപക്ഷനേതാവ് നൽകിയ മറുപടിയെന്നും ഐസക് പറഞ്ഞു
67437 കോടി രൂപയുടെ 1140 ഇൻഫ്രാസ്ട്രക്ചർ പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിട്ടുള്ളത്. ഇതിന് പുറമെ, ഭൂമി ഏറ്റെടുക്കുന്നതിന് 20000 കോടി രൂപയും. ഇതിൽ കുടിവെള്ളവും റോഡും പാലവും കെട്ടിടങ്ങളും, വൈദ്യുതി ലൈനുകളും മേൽപാലവും കടൽഭിത്തിയും വനവേലിയും എല്ലാം ഉൾപ്പെടുന്നു. ഇതൊലൊരെണ്ണം പോലും വേണ്ടാത്തതാണെന്ന് ജനങ്ങൾ പറയുന്നില്ല, എന്ന് മാത്രമല്ല പദ്ധതികൾ വേണമെന്നാണ് അവരുടെയും ആവശ്യം. കിഫിബി ഇല്ലെങ്കിൽ ഇവ നടപ്പാക്കാൻ യുഡിഎഫ്-ന്റെ ബദൽ മാർഗമെന്താണ്? ആന്വിറ്റി പദ്ധതികൾ ഇനിയൊരു ബദൽ മാർഗമായി കണക്കാക്കാനാവില്ലല്ലോ? യുഡിഎഫ് കുഴിച്ച കുഴിയിൽ യുഡിഎഫ് തന്നെ വീണിരിക്കുന്നു.
കേരളത്തിന്റെ വികസന മുന്നേറ്റത്തിന് അനിവാര്യമായ പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കാൻ ഒരു മാർഗവും ജനങ്ങളുടെ മുന്നിൽ വെയ്കാൻ യുഡിഎഫ്-ന് ഇല്ല. വികസനം മുടക്കികളുടെ ഒരു കൂട്ട്കെട്ടായി യുഡിഎഫ് മാറിയിരിക്കുന്നു. എൽഡിഎഫ്-ന്റെ വികസന പ്രവർത്തനങ്ങൾക്ക് തടയിട്ട് വീണ്ടും ഭരണത്തിൽ കയറിപ്പറ്റാനാകുമോ എന്ന ഏക ചിന്ത മാത്രമാണ് അവരെ നയിക്കുന്നത്.
ടോൾ പോലുള്ള നിർദേശങ്ങൾ സർക്കാർ സ്വീകരിക്കുകയാണെങ്കിൽ ജനങ്ങളുടെ മേൽ അധികഭാരമായി തീരില്ലേ? ഈ അധികഭാരം പരമാവധി കുറയ്കുന്നതിന് സർക്കാരിന് മുൻകൈ എടുക്കാവുന്നതാണ്. സാധാരണ പ്രോജക്ടുകളിൽ, പത്തോ പതിനഞ്ചോ വർഷം കൊണ്ടാണ് ടോളുകൾ വഴി നിക്ഷേപം തിരിച്ചെടുക്കാൻ ശ്രമിക്കുന്നത്. കിഫ്ബിയുടെ കാര്യത്തിൽ ഈ കാലയളവ് അമ്പതോ അറുപതോ വർഷമാക്കാവുന്നതാണ്. അങ്ങിനെ വരുമ്പോൾ, ദേശീയ പാതയിലും മറ്റും ഏർപ്പെടുത്തുന്നതിന്റെ നാലിലൊന്ന് മാത്രമേ ടോൾ പിരിക്കേണ്ടി വരികയുള്ളു. ഇതിൽ നിന്ന് തന്നെ ഇരുചക്ര, മുച്ചക്ര വാഹനങ്ങളെയും പ്രദേശവാസികളെയും സർക്കാരിന് ഒഴിവാക്കാവുന്നതാണ്.
ഇത്തരത്തിൽ ജനങ്ങളുടെ മേൽ ഉണ്ടാകുന്ന അധികഭാരം പരമാവധി കുറയ്കുന്നതിനുള്ള മാർഗമെന്തെന്ന് ചർച്ച ചെയ്യാം. അതിന്റെ അടിസ്ഥാനത്തിൽ കിഫ്ബിയെ ഒരു റവന്യൂ മോഡലാക്കി മാറ്റണം, എന്നിട്ട് സുപ്രീം കോടതിയിൽ ശക്തമായ നിലപാട് സ്വീകരിക്കണം. ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ പിടിച്ച് നിൽക്കാൻ കേന്ദ്ര സർക്കാരിന് കഴിയില്ല. ശക്തമായ ജനകീയ പ്രക്ഷോഭവും വേണ്ടി വരും. ഈ ഉദ്യമത്തിൽ വിജയിച്ചാൽ, സംസ്ഥാന ബജറ്റിലേക്കുള്ള വായ്പകൾ സാധാരണ ഗതിയിലാക്കാനും ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളും സമാശ്വാസങ്ങളും വർദ്ധിപ്പിക്കുന്നതിനും കഴിയുമെന്ന് തോമസ് ഐസക് പറഞ്ഞു.