തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ രാഷ്ട്രീയം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയനെ നോക്കി ഇന്ത്യ സഖ്യത്തിലെ പ്രമുഖ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് നേരെ ഒളിയമ്പെയ്താണ് മോദിയുടെ പ്രസംഗം. ‘മുഖ്യമന്ത്രിയോട് ഞാന്‍ പറയട്ടെ, നിങ്ങള്‍ ഇന്ത്യ സഖ്യത്തിന്റെ ശക്തമായ ഒരു സ്തംഭമാണ്, ശശി തരൂരും ഇവിടെ ഇരിക്കുന്നു. ഇന്നത്തെ പരിപാടി പലരുടെയും ഉറക്കം കെടുത്താന്‍ പോകുന്നു’- നരേന്ദ്ര മോദി പറഞ്ഞു. വിഴിഞ്ഞം തുറമുഖം നാടിന് സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇടത് സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നത് നല്ലകാര്യമെന്ന് മന്ത്രി വി എന്‍ വാസവന്റെ പ്രസംഗം ആയുധമാക്കി മോദി പറഞ്ഞു. ‘കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയാണെന്ന് പറയുന്നു. ഇതാണ് മാറ്റം.’- മോദി കൂട്ടിച്ചേര്‍ത്തു. വികസിത കേരളം ഒരുമിച്ച് പടുത്തുയര്‍ത്താമെന്നും മോദി പറഞ്ഞു.
‘ജി 20 ഉച്ചകോടിക്കിടെ, ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയുമായി ബന്ധപ്പെട്ട് നിരവധി വലിയ രാജ്യങ്ങളുമായി ഞങ്ങള്‍ കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നു. ഈ പാതയില്‍ കേരളം വളരെ പ്രധാനപ്പെട്ട സ്ഥാനത്താണ് നില്‍ക്കുന്നത്. ഇതില്‍ നിന്ന് കേരളത്തിന് വലിയ തോതില്‍ നേട്ടമുണ്ടാകാന്‍ പോകുകയാണ്. നമ്മുടെ രാജ്യത്തിന്റെ സമുദ്രമേഖലയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതില്‍ സ്വകാര്യ മേഖല ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.’ – മോദി പറഞ്ഞു. പ്രസംഗത്തിനിടെ വിഴിഞ്ഞം തുറമുഖം വികസിപ്പിച്ച അദാനി ഗ്രൂപ്പിനെ പ്രശംസിക്കാനും മോദി മറന്നില്ല. ഗുജറാത്തിനേക്കാള്‍ വലിയ തുറമുഖമാണ് അദാനി കേരളത്തില്‍ നിര്‍മ്മിച്ചതെന്നും മോദി പറഞ്ഞു.
‘ഒരു വശത്ത്, നിരവധി അവസരങ്ങളുള്ള വലിയ കടലുണ്ട്, മറുവശത്ത്, പ്രകൃതിയുടെ സൗന്ദര്യമുണ്ട്. അതിനിടയില്‍ ഈ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് സീപോര്‍ട്ട്’ ഉണ്ട്. ഇത് നവയുഗ വികസനത്തിന്റെ പ്രതീകമാണ്…’-മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.