പാലക്കാട് : ബിജെപിയെ പ്രതിസന്ധിയിലാക്കിയ സന്ദീപ് വാര്യരുടെ തുടർനീക്കങ്ങൾ ഇന്നറിയാം. പാർട്ടി വിടില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി. നേതൃത്വത്തിനെതിരായ തന്റെ തുറന്നുപറച്ചിൽ ആലോചിച്ചെടുത്ത തീരുമാനം. അതിൽ എന്തു നഷ്ടം വന്നാലും താൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ആർഎസ്എസ് നേതാവ് ജയകുമാർ വ്യക്തിപരമായി അടുപ്പമുള്ളയാളാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. അദ്ദേഹത്തിന്റെ മുൻപിൽ വാതിൽ കൊട്ടിയടക്കാൻ കഴിയില്ല. അദ്ദേഹത്തിന് കൂടി അറിയുന്ന കാര്യങ്ങളാണ് താൻ പറഞ്ഞത്. എന്ത് ചർച്ച ചെയ്തു എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
സി രഘുനാഥ് കൃഷ്ണകുമാറിന്റെ ഏറ്റവും അടുത്ത ആൾ. കെ സുരേന്ദ്രനോ, ശോഭാസുരേന്ദ്രനോ പാലക്കാട് സ്ഥാനാർത്ഥിയാകണമെന്നാണ് താൻ നേതാക്കളോട് പറഞ്ഞത്. കൃഷ്ണകുമാർ നിരവധി തെരഞ്ഞെടുപ്പുകൾ മത്സരിച്ചു പരാജയപ്പെട്ടയാളാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അസംബ്ലി മണ്ഡലത്തിൽ 9000 വോട്ടിനാണ് പിറകിൽ പോയത്. ഫ്രഷ് സ്ഥാനാർത്ഥിയാണെങ്കിൽ എളുപ്പം വിജയിക്കാമായിരുന്നുവെന്ന് സന്ദീപ് പറഞ്ഞു.
സി കൃഷ്ണകുമാർ കൂടി അറിഞ്ഞാണ് തന്നെ അപമാനിച്ചതെന്ന് കരുതുന്നുവെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. താൻ ഈ ഉപതിരഞ്ഞെടുപ്പിൽ എവിടെയും പ്രചാരണത്തിന് പോകില്ലെന്ന് സന്ദീപ് വ്യക്തമാക്കി. അടിക്കടി വാക്കു മാറ്റിപ്പറയുന്ന ആളല്ല താൻ എന്നും സന്ദീപ് വാര്യർ പറഞ്ഞു. അതേസമയം സന്ദീപ് വാര്യർ പോകുന്നെങ്കിൽ പോകട്ടെയെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. സന്ദീപ് വാര്യർ സ്വയം പോയില്ലെങ്കിൽ തെരഞ്ഞെടുപ്പിനു ശേഷം നടപടിയെടുക്കും. സന്ദീപ് വാര്യർ ഉയർത്തിയ ആരോപണങ്ങൾ കെ സുരേന്ദ്രനെതിരെ ആയുധമാക്കാനാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നീക്കം.