കല്‍പ്പറ്റ : വയനാട് ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും പുനരധിവാസത്തിനടക്കം പ്രത്യേക സാന്പത്തിക സഹായം അനുവദിക്കാനും കേന്ദ്രസർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ യുഡിഎഫും എൽഡിഎഫും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരു മുന്നണികളുടെയും ആഹ്വാനം. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാർച്ച് നടത്തും.
കൽപ്പറ്റ നഗരത്തിൽ അടക്കം എൽഡിഎഫിന്റെ പ്രതിഷേധ പ്രകടനവും നടക്കും. ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യുഡിഎഫ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉൾപ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ് എൽഡിഎഫ് ഹർത്താൽ.
പോലീസ് സംരക്ഷണത്തിൽ ദീർഘദൂര ബസ്സുകൾ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്. ശബരിമല തീർഥാടകർ, ആശുപത്രിയുമായി ബന്ധപ്പെട്ട വാഹനങ്ങൾ, ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക വാഹനങ്ങൾ, ഉദ്യോഗസ്ഥർ, പാൽ, പത്രം, വിവാഹ സംബന്ധമായ യാത്രകൾ തുടങ്ങിയവയെ യുഡിഎഫ് ഹർത്താലിൽ നിന്ന് ഒഴുവാക്കിയട്ടുണ്ട്.
ഹർത്താലുമായി വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് എന്നിവർ സഹകരിക്കും. ഹർത്താലിനോടുള്ള സമീപനത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം ചേർന്ന് തീരുമാനം എടുത്തിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറി ജോജിൻ ടി. ജോയി, ജില്ലാ സെക്രട്ടറി കെ. ഉസ്മാൻ എന്നിവർ പറഞ്ഞു.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന് കത്ത് നല്‍കുകയായിരുന്നു.
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കേന്ദ്ര സഹായം വൈകുന്നതില്‍ വയനാട്ടില്‍ പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടെയാണ് ഹര്‍ത്താല്‍. ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെ ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായാണ് വയനാട് ഹർത്താൽ ആചരിക്കുന്നത്.