തിരുവനന്തപുരം: കേരളാ പൊലീസിന്റെ തലപ്പത്ത് അഴിച്ചു പണി. ഇന്റലിജന്‍സ് മേധാവിയായ ടി.കെ വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്ടറാകും. നിലവില്‍ വിജിലന്‍സ് ഡയറക്ടറായ മനോജ് എബ്രഹാം ഇന്റലിജന്‍സ് എഡിജിപിയാകും. ജയില്‍മേധാവിയായ കെ.പദ്മകുമാര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ മേധാവിയാകും.
ടോമിന്.ജെ.തച്ചങ്കരി ഡിജിപി സ്ഥാനത്തുനിന്ന് തിങ്കളാഴ്ച വിരമിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റം. പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ ജയില്‍ മേധാവിയാകും.കൊച്ചി കമ്മീഷണറായ സേതുരാമനെ ഉത്തരമേഖലാ ഐജിയായി നിയമിച്ചു. ട്രാഫിക്കിന്റെ ചുമതല വഹിക്കുന്ന ഐജി അക്ബറിനെ കൊച്ചി കമ്മീഷണറായി നിയമിച്ചു.ഉത്തര മേഖലാ ഐജിയായ നീരജ് കുമാര്‍ ഗുപ്ത പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള ഐജിയാകും.
ഇന്റലിജന്‍സ് ഐജി പി.പ്രകാശിനെ മനുഷ്യാവകാശ കമ്മീഷനിലും നിയമിച്ചു. സെന്‍ട്രല്‍ ഡെപ്യൂട്ടേഷന് കഴിഞ്ഞ് വന്ന തോംസണ്‍ ജോസിനെ കണ്ണൂര്‍ റേഞ്ച് ഡിഐജിയാകും. ക്രമസമാധാനചുമതലയുള്ള എം.ആര്.അജിത് കുമാറിന് ബറ്റാലിയന്റെ അധികചുമതലയും നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.