തിരൂർ : കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂർ റെയിൽവേ സ്റ്റേഷന്റെ പേര് പുനർനാമകരണം ചെയ്തേക്കും. റിപ്പോർട്ടുകൾ പ്രകാരം, തിരൂർ സ്റ്റേഷന്റെ പേര് ‘തിരൂർ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ’ എന്നാണ് പുനർനാമകരണം ചെയ്യുക. ആധുനിക മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന് ആദരവ് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നത്. ഇത് സംബന്ധിച്ച തീരുമാനം പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസും സംഘവും തിരൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചതിനുശേഷമാണ് പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത്. ഇതിന്റെ ഭാഗമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.