കോഴിക്കോട് : പുതുവര്‍ഷത്തില്‍ ഫുള്‍ ബുക്കിങ്ങുമായി നവകേരള ബസിന്റെ സര്‍വീസ്. കോഴിക്കോടുനിന്നും ബംഗളൂരുവിലേക്കാണ് ഗരുഡ പ്രീമിയം സര്‍വീസ് ഇന്നുരാവിലെ നിറയെ ആളുകളുമായാണ് സര്‍വീസ് ആരംഭിച്ചത്. യാത്രക്കാര്‍ കുറഞ്ഞതോടെ വിണ്ടും പുതുക്കി പണിതശേഷം നടത്തിയ സര്‍വീസിലാണ് ബുക്കിങ് നിറഞ്ഞത്.
പുതിയ സമയക്രമ പ്രകാരം നവകേരള ബസ് രാവിലെ 8.25നാണ് കോഴിക്കോടുനിന്നു സര്‍വീസ് ആരംഭിക്കുന്നത്. രാത്രി 10.25ന് ബെംഗളൂരുവില്‍നിന്നു കോഴിക്കോട്ടേക്കു തിരിക്കും. ബത്തേരി, മൈസൂരു വഴിയാണ് യാത്ര. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട് വരെ 900 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. ജിഎസ്ടിയും റിസര്‍വേഷനും ഉള്‍പ്പെടെ 968 രൂപ നല്‍കണം.
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഏറെക്കാലം വെറുതെ ഇട്ടശേഷം മേയ് അഞ്ചിന് സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാര്‍ ഇല്ലാതെ വന്നതോടെ സര്‍വീസ് നിര്‍ത്തി. പിന്നീട് ബസ് പുതുക്കി പണിത് സീറ്റുകള്‍ 37 ആക്കി. ശുചിമുറി നിലനിര്‍ത്തി. ഹൈഡ്രോളിക് ലിഫ്റ്റ് അടങ്ങുന്ന മുന്‍ഭാഗത്തുള്ള വാതില്‍ ഒഴിവാക്കി സാധാരണ വാതിലാക്കി. പിന്‍വാതിലും ഒഴിവാക്കി. സര്‍വീസ് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് യാത്രക്കാര്‍ കുറഞ്ഞു. സൗകര്യപ്രദമല്ലാത്ത സമയക്രമവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുമാണു യാത്രക്കാരെ പിന്നോട്ടടിച്ചത്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണു വീണ്ടും ബസ് യാത്ര തുടങ്ങിയത്.