പന്തല്ലൂർ: തമിഴ്നാട് പന്തല്ലൂരിൽ മൂന്ന് വയസ്സുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലിയെ കണ്ടെത്തി. കുങ്കിയാനയുമായുള്ള തെരച്ചിലിനിടെ അബ്രൂസ് വളവ് എന്ന സ്ഥലത്താണ് പുലിയെ കണ്ടത്. വനം വകുപ്പ്, ആർ ആർ ടി ഉദ്യോഗസ്ഥർ അടക്കം നൂറ് പേരടങ്ങുന്ന സംഘം പ്രദേശത്ത് വിവിധയിടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്.
ആറ് കൂടുകളാണ് പുലിക്കായി വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. പുലിയെ നിരീക്ഷിക്കാനായി ക്യാമറകളുമുണ്ട്. ഇന്നലെ പന്തല്ലൂരിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രതിഷേധം ഇന്നും തുടരുകയാണ്. ഗൂഡല്ലൂർ- കോഴിക്കോട് പാത ഉപരോധിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. രണ്ട് താലൂക്കുകളിലുള്ള ഹർത്താലും പൂർണമാണ്. പുലിയെ വെടിവെച്ചു കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാരുടെ നിലപാട്.
അമ്മയ്ക്കൊപ്പം പോവുകയായിരുന്ന മൂന്ന് വയസ്സുകാരിയെ കടിച്ചു കൊന്നതിന് പിന്നാലെ ആദിവാസി യുവതിയായ 23കാരിക്ക് നേരെയും പുലിയുടെ ആക്രമണമുണ്ടായിരുന്നു. ഡിസംബർ 19ന് ശേഷം പുലി ആറ് പേരെ ആക്രമിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്.