വയനാട്: കഴിഞ്ഞദിവസം കടുവയുടെ കാൽപ്പാടുകൾ കണ്ട വയനാട് കല്ലൂർക്കുന്നിൽ വീണ്ടും കടുവയെത്തി. വാകയിൽ സന്തോഷ് എന്നയാളുടെ പശുവിനെ ആക്രമിച്ച കടുവ, മൃഗത്തെ അല്പ ദൂരം വലിച്ചിഴച്ചു കൊണ്ടുപോയി.
കഴിഞ്ഞയാഴ്ച കടുവയുടെ ആക്രമണത്തിൽ യുവാവിന് ജീവൻ നഷ്ടമായ വാകേരി കൂടല്ലൂരിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. കടുവക്കായുള്ള തെരച്ചിൽ എട്ടാം ദിവസമായ ഇന്നും തുടരും. തെരച്ചിൽ ഒരാഴ്ച പിന്നിട്ട പശ്ചാത്തലത്തിൽ പ്രദേശത്ത് ഇന്നലെ സർവകക്ഷി യോഗം ചേർന്നിരുന്നു.
കടുവയെ പിടിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കാനും പ്രദേശത്ത് ഭയരഹിതമായ അന്തരീക്ഷമൊരുക്കാൻ നടപടികൾ സ്വീകരിക്കാനും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന് ആര്.ആര്.ടി അംഗങ്ങളെ വാകേരിയിലേക്ക് എത്തിക്കാനും ഉത്തര മേഖല സി.സി.എഫ്, സൗത്ത് വയനാട് ഡി.എഫ്.ഒ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.