തൊടുപുഴ : ഇടുക്കി വണ്ടിപെരിയാറ് ഗ്രാമ്പിയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം അനിശ്ചിതാവസ്ഥയിൽ. കടുവയെ കണ്ടെത്താൻ ഇതുവരെ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. കാലിന് പരിക്കുള്ളതിനാൽ അധികം ദൂരം പോകാനിടയില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രദേശത്ത് വൈകിട്ട് ആറു വരെ നിരോധനാജ്ഞ തുടരുകയാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി വണ്ടിപെരിയാർ മേഖലയിൽ ഭീതി പരത്തിയ കടുവയെ പിടികൂടാൻ കൂടു സ്ഥാപിച്ചിട്ടും ഫലമില്ലാതായതോടെ ഇന്നലെ വൈകിട്ട് മയക്കു വെടിവെച്ച് പിടികൂടാൻ തീരുമാനിയ്ക്കുകയായിരുന്നു. എന്നാൽ സമയം വൈകിയതോടെ ദൗത്യം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും കടുവയെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്കായില്ല. റോഡ് മുറിച്ചു എതിർവശത്തേക്ക് കടന്നതായാണ് കരുതുന്നത്. ഇന്നലെ കടുവയെ കണ്ട മേഖലയിൽ നിന്നും സ്നിപ്പർ ഡോഗ് 500 മീറ്റർ അകലെയ്ക്കു ഓടിയിരുന്നു.
കടുവയെ മയക്കു വെടിവെച്ച് പിടികൂടിയ ശേഷം കടുവയെ തേക്കടിയിൽ എത്തിച്ചു ചികിത്സ നൽകാനാണ് വനം വകുപ്പിന്റെ തീരുമാനം. അതേ സമയം ഇന്നലെ ദൗത്യം പൂർത്തിയാക്കാമായിരുന്നെന്നും വനം വകുപ്പ് അതിനു തയ്യാറായില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. കൃത്യമായി നിരീക്ഷണം നടത്തതിനാലാണ് കടുവ എങ്ങോട്ട് നീങ്ങിയെന്ന് മനസിലാക്കാൻ സാധിയ്ക്കാത്തതിന് കാരണമെന്നും നാട്ടുകാർ പറയുന്നു.