സുല്‍ത്താന്‍ ബത്തേരി : വയനാട് ബത്തേരി സിസിയില്‍ പശുക്കിടാവിനെ പിടിച്ച തൊഴുത്തില്‍ കടുവ വീണ്ടുമെത്തി. തിന്നുപോയതിന്റെ ബാക്കി എടുക്കാനാണ് കടുവ എത്തിയതെന്നാണ് നിഗമനം. പ്രദേശത്ത് സ്ഥാപിച്ച കാമറയില്‍ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് ബത്തേരി-മാനന്തവാടി റോഡില്‍ സിസി എന്ന സ്ഥലത്തെ ഞാറക്കാട് സുരേന്ദ്രന്റെ വീട്ടിലെ തൊഴുത്തില്‍ കയറി പശുക്കിടാവിനെ കടുവ കടിച്ചുകൊന്നത്. പശുക്കിടാവിനെ ആക്രമിച്ചത് കടുവയാണെന്ന് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് കാല്‍പ്പാടുകള്‍ പരിശോധിച്ച് അധികൃതര്‍ കടുവയാണെന്ന് ഉറപ്പാക്കി.
കഴിഞ്ഞദിവസം ഭക്ഷിച്ചിട്ടുപോയ പശുക്കിടാവിന്റെ മാംസാവശിഷ്ടങ്ങള്‍ തൊഴുത്തിലുണ്ടായിരുന്നു. ഇതു കടിച്ചെടുത്തുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ഇത് ഏതു കടുവയാണെന്ന് തിരിച്ചറിയാനുള്ള പരിശോധന വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് ഉടന്‍ നടപടി സ്വീകരിക്കും.