തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്നാണ് പ്രവചനം.
ഒക്ടോബർ മാസത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണെന്നും ആലപ്പുഴ, കോട്ടയം കൊല്ലം എറണാകുളം ജില്ലകളിലും സാധാരണയെക്കാൾ കൂടുതൽ മഴ ലഭിച്ചെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒക്ടോബർ മാസത്തിൽ ലഭിക്കുന്ന ശരാശരി മഴയെക്കാൾ കൂടുതൽ ലഭിച്ചു. പത്തനംതിട്ട ജില്ലയിൽ തുലാവർഷത്തിൽ ലഭിക്കേണ്ട മഴയുടെ 82 ശതമാനവും തിരുവനന്തപുരം ജില്ലയിൽ 80 ശതമാനവും ഇതിനോടകം ലഭിച്ചു കഴിഞ്ഞു.
വയനാട് ജില്ലയിൽ ഇപ്പോഴും കുറഞ്ഞ അളവിലാണ് മഴ ലഭിക്കുന്നത്. ജില്ലയിൽ കാലവർഷത്തിൽ 55 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിൽ ഒക്ടോബറിൽ ലഭിക്കേണ്ട മഴയിൽ 34 ശതമാനം കുറവാണുണ്ടായത്.