പാലക്കാട്: തൃത്താലയിൽ സുഹൃത്തുക്കളെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി മുസ്തഫയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ ഇയാളെ നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.തൃത്താല കണ്ണന്നൂരിലെ കരിമ്പനക്കടവിൽ വ്യാഴാഴ്ച രാത്രിയാണ് ഇരട്ടക്കൊലപാതകം നടന്നത്.
ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി അൻസാർ, കാരക്കാട് സ്വദേശി അഹമ്മദ് കബീർ എന്നിവരാണ് കൊല്ലപ്പെട്ടത്.കഴുത്തിനു മുറിവേറ്റനിലയിൽ കണ്ടെത്തിയ അൻസാറിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിന് പിന്നിൽ സുഹൃത്ത് മുസ്തഫയാണെന്ന് അൻസാർ മൊഴി നൽകിയിരുന്നു. തുടർന്ന് മുസ്തഫയെ കസ്റ്റഡിയിലെടുത്തപ്പോൾ അന്‍സാറിനെ ആക്രമിച്ചത് തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് കബീറാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്.
ഇതോടെ കബീറിനായി അന്വേഷണം നടത്തി. എന്നാൽ കരിമ്പനക്കടവിനു സമീപം ഭാരതപ്പുഴയിൽ കബീറിന്റെ മൃതദേഹം കണ്ടെത്തി. കബീറിന്റെ കഴുത്തിലും വെട്ടേറ്റിരുന്നു. ഇതോടെ ഇരട്ടക്കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. അൻസാറിന്റെയും കഴുത്തിനാണ് പരിക്ക്.
കൊല്ലപ്പെട്ട അന്‍സാറും, കബീറും, കസ്റ്റഡിയിലുള്ള മുസ്തഫയും ഉറ്റ സുഹൃത്തുക്കളാണെന്നാണ് പറയുന്നത്. മൂന്നുപേരും കൂടി കഴിഞ്ഞദിവസം മീൻ പിടിക്കാനായാണ് ഭാരതപ്പുഴയിലെ കരിമ്പനക്കടവിൽ എത്തുന്നത്.തുടർന്ന് ഇവിടെ എന്തു സംഭവിച്ചുവെന്നത് വ്യക്തമല്ല. കൊലയിലേക്കു നയിച്ച കാരണമെന്തെന്ന ചോദ്യം ദുരൂഹമായി തുടരുകയാണ്.