കൊച്ചി : തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രദേശത്തെ അന്തരീക്ഷ ഗുണ നിലവാരം ഉറപ്പുവരുത്തുമെന്നും, സർക്കാർ കോടതിയെ അറിയിച്ചു. പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തൃശൂർ തിരുവമ്പാടി സ്വദേശി വെങ്കിടാചലം നൽകിയ ഹർജിയിലാണ് സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്.
സർക്കാരിൻ്റെ മറുപടി രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജി തീർപ്പാക്കി. ഹർജിക്കാരന് പിന്നീട് പരാതിയുണ്ടെങ്കിൽ അപ്പോൾ കോടതിയെ സമീപിക്കാം എന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. പൂരം വെടിക്കെട്ട് അന്തരീക്ഷ ശബ്ദമലിനീകരണം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര കാലിയാണെങ്കിൽ 200 മീറ്റർ പാലിക്കേണ്ടി വരില്ല.