തൃശൂർ: പൊലീസിന്റെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് നിർത്തിവെച്ച വെടിക്കെട്ട് ഉടൻ ആരംഭിക്കും. പൂരം കാണാനെത്തിയവരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞതിൽ പ്രതിഷേധിച്ചാണ് പൂരം നിർത്തിവെച്ചത്. പാറമേക്കാവ് വിഭാഗം 6.40ന് വെടിക്കെട്ട് നടത്തും. പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് ശേഷം തിരുവമ്പാടി വിഭാഗവും വെടിക്കെട്ട് നടത്താൻ തയ്യാറായിട്ടുണ്ട്. രാവിലെ എട്ടിനും എട്ടരയ്ക്കും ഇടയിലായിരിക്കും തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട്.
മന്ത്രി കെ.രാജനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പുലർച്ചെ മൂന്നുമണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകൾ വൈകിയത്. രാത്രിപ്പൂരത്തിനിടയിലെ പൊലീസ് നിയന്ത്രണങ്ങളെ തുടർന്ന് തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെക്കുകയായിരുന്നു. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായതെന്നറിയുന്നു. ഇന്നലെ രാത്രി ഒന്നരയോടെയാണു സംഭവം. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നിൽവച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം ശക്തമായ പ്രതിഷേധമറിയിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവം.
പാറമേക്കാവിലമ്മയുടെ രാത്രി എഴുന്നള്ളിപ്പ് പൊലീസ് ബാരിക്കേഡ് വച്ച് തടയുകയും ഒരാനയെയും ഏതാനും മേളക്കാരെയും മാത്രം കടത്തിവിട്ടതും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇന്നലെയും കമ്മിഷണറുടെ നേതൃത്വത്തിൽ മഠത്തിൽ വരവിലടക്കം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പൂരപ്രേമികളെ പിടിച്ചു തള്ളുകയും ചെയ്തിരുന്നു. രാത്രിയിൽ എഴുന്നള്ളിപ്പിനിടെ വാദ്യക്കാരെയും ആനകളെയും തടഞ്ഞതാണു വീണ്ടും പ്രശ്നമായത്. പൂരം വെടിക്കെട്ടിനു വേണ്ടി ഒരുക്കിയ ബാരിക്കേഡാണിത്. തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതോടെ വെടിക്കെട്ടിന്റെ കാര്യവും അനിശ്ചിതത്വത്തിലായി.
തുടർന്ന് തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും തിരുവമ്പാടി വിഭാഗവുമായി ചർച്ചകൾ നടത്തി. വെടിക്കെട്ട് നടത്തുമെന്നും എന്നാൽ എപ്പോൾ നടത്താൻ കഴിയുമെന്ന് പറയാനാവില്ലെന്നും പുലർച്ചെ അഞ്ച് മണിയോടെ വാർത്താ സമ്മേളനത്തിൽ തിരുവമ്പാടി വിഭാഗം അറിയിച്ചു. ചിലപ്പോൾ ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷമാകും നടത്താൻ സാധിക്കുക. ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തി സമയം തീരുമാനിക്കുമെന്നും തിരുവമ്പാടി വിഭാഗം അറിയിച്ചു. ഇതിനിടെ പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതേതുടർന്ന് മന്ത്രി കെ. രാജൻ വീണ്ടും നടത്തിയ ചർച്ചയിൽ പാറമേക്കാവിന്റെ വെടിക്കെട്ടിനു ശേഷം വെടിക്കെട്ട് നടത്താൻ തയാറാണെന്ന് തിരുവമ്പാടി വിഭാഗം അറിയിച്ചു. തീരുമാനം വന്നതിനു പിന്നാലെ അണച്ച പന്തൽ ലൈറ്റ് തെളിച്ചു.