തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി മിടുക്കനാണെന്നു തൃശൂർ മേയർ എം.കെ. വർഗീസ്. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി വോട്ടു തേടി സുരേഷ് ഗോപി കോർപറേഷൻ ഓഫിസിലെ തന്റെ ചേംബറിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ സാക്ഷി നിർത്തി മേയറുടെ പ്രതികരണം.
എംപിയാകുക എന്നു പറഞ്ഞാൽ എല്ലാവർക്കും പറ്റുന്ന കാര്യമല്ലെന്നും, സുരേഷ് ഗോപി അതിനു യോഗ്യനാണെന്നതു കാലങ്ങളായി നാം കണ്ടുവരുന്നതാണെന്നും വർഗീസ് ചൂണ്ടിക്കാട്ടി.കഴിഞ്ഞ തവണ തൃശൂരിൽ തോറ്റെങ്കിലും അന്നുമുതൽ താൻ ഇവിടെത്തന്നെയുണ്ടെന്നു സുരേഷ് ഗോപി പ്രതികരിച്ചു. ഇടതു പിന്തുണയോടെ തൃശൂർ മേയർ സ്ഥാനത്തു തുടരുന്ന കോൺഗ്രസ് വിമത കൗൺസിലറാണ് എം.കെ. വർഗീസ്.
‘‘എംപിയാകുക എന്നു പറഞ്ഞാൽ ആർക്കും പറ്റുന്ന ഒരു സംഭവമല്ല. അതിനു കുറേ ഗുണങ്ങൾ വേണം. ജനമനസ്സിലേക്ക് ഇറങ്ങിച്ചെല്ലണം, ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണം, അവരുടെ കൂടെ നിൽക്കണം. അവരുടെ ആവശ്യങ്ങൾ തിരിച്ചറിയണം. അങ്ങനെയുള്ളവരെ ആണല്ലോ നമ്മൾ പൊതുവേ തിരഞ്ഞെടുത്തു വിടുന്നത്. ഇതെല്ലാം സുരേഷ് ഗോപിക്കുണ്ട് എന്നത് കാലങ്ങളായി നാം കണ്ടുവരുന്നതാണ്. അദ്ദേഹം തിരഞ്ഞെടുക്കപ്പെടാൻ യോഗ്യനാണ്.
തൃശൂർ മേയർ എന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശം ഇന്നുവരെ എനിക്കു കിട്ടിയിട്ടുണ്ട്. എന്റെ ചിന്തയും അങ്ങനെ തന്നെയാണ്. സ്വതന്ത്രമായി ചിന്തിക്കാനുള്ള അവകാശം എനിക്കുണ്ട്. ഞാൻ സ്വതന്ത്രനാണ്. ഞാൻ സ്വതന്ത്രമായി ചിന്തിക്കും, സ്വതന്ത്രമായി പ്രവർത്തിക്കും. തൃശൂരിന്റെ വികസനത്തിനു സഹായിക്കാൻ വരുന്ന ആരെയും ഞാൻ സ്വീകരിക്കും. ആരെയും വെറുതേ വിടില്ല. തൃശൂരിനെ ഏറ്റെടുത്ത് വികസനരംഗത്തു വരുമ്പോൾ ആരെ, എങ്ങനെ എന്നതു ഞാൻ നോക്കുന്നില്ല.’’ – വർഗീസ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിൽ അദ്ദേഹം എൻഡിഎ സ്ഥാനാർഥിയെ പരസ്യമായി അഭിനന്ദിച്ചത് ഇടതുമുന്നണിക്കു തിരിച്ചടിയാണ്. സിപിഐ നേതാവും മുൻ മന്ത്രിയുമായ സുനിൽ കുമാറാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിനായി വടകരയിലെ സിറ്റിങ് എംപി കെ. മുരളീധരനും മത്സരിക്കുന്നു.