തൃശൂര്‍ : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ തൃശൂര്‍ അതിരൂപതയുടെ സമുദായ ജാഗ്രത സമ്മേളനം. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ അതിരൂപത സമുദായ ജാഗ്രത സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. ഭരണഘടന ഉറപ്പു നല്കുന്ന സംരക്ഷണം ക്രൈസ്തവ സമൂഹങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഉറപ്പാക്കുന്നതിനും നടപടി കൈക്കൊള്ളണമെന്നും പ്രമേയത്തില്‍ പറയുന്നു.
മലയോര മേഖലയിലെ വന്യമൃഗ ആക്രമണ ഭീഷണി ഒഴിവാക്കുകയും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളുടെ സാമ്പത്തിക വിദ്യാഭ്യാസ മേഖലയിലെ പ്രശ്നപരിഹാരത്തിനായി നിയമിച്ച ജെ ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 9 മാസങ്ങള്‍ കഴിഞ്ഞു. ഇപ്പോഴും റിപ്പോര്ട്ട്പ്രസിദ്ധീകരിക്കുവാന് പോലും തയ്യാറാകാത്ത കേരള സര്‍ക്കാരിന്റെ നടപടി ശരിയല്ല. നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനില്‍ക്കുന്ന അവസ്ഥയും അവസാനിപ്പിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് തൃശൂര്‍ അതിരൂപത സമുദായ ജാഗ്രത സമ്മേളനം ആവശ്യപ്പെടുന്നു.
സംസ്ഥാനത്ത് വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യുന്നതില്‍ വിവേചനവും, നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനില്‍ക്കുന്ന അവസ്ഥയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതവസാനിപ്പിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യണമെന്ന കേരള ഹൈക്കോടതിയുടെ വിധി അംഗീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.