കൊച്ചി : സംസ്ഥാനത്തിന്റെ ഓണാഘോഷത്തിന് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന് അത്തച്ചമയ ഘോഷയാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി. നടന് മമ്മൂട്ടി, കെ ബാബു എംഎല്‍എ, അനൂപ് ജേക്കബ് എംഎല്‍എ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കോവിഡ് സമയത്തും പ്രളയക്കെടുതിയിലും മുടങ്ങുകയും ആർഭാടം മങ്ങുകയും ചെയ്ത അത്തം ഘോഷയാത്ര ഇക്കുറി പൂർവാധികം ഭംഗിയോടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഘോഷയാത്രയിൽ അണിനിരക്കുന്ന നാടൻകലാരൂപങ്ങളിലും നിശ്ചലദൃശ്യങ്ങളിലും കൂടുതൽ വൈവിധ്യമാർന്ന ഇനങ്ങളുണ്ട്. അവധിദിവസം നടക്കുന്ന ഘോഷയാത്രയായതുകൊണ്ട് പതിവിൽ കവിഞ്ഞ ജനക്കൂട്ടവും എത്തിയിട്ടുണ്ട്. പകൽ മൂന്നുമുതൽ പൂക്കളപ്രദർശനവും നടക്കും. വൈകിട്ട് 5.30ന് ലായം കൂത്തമ്പലത്തിൽ നടക്കുന്ന കലാസന്ധ്യയുടെ ഉദ്ഘാടനത്തോടെ ഓണംവരെ നീണ്ടുനിൽക്കുന്ന കലാവിരുന്നിനും തുടക്കമാകും.