കൊച്ചി : തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നിലകൂടി ഗുരുതരമാണ്.
പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തീ പിടിത്തത്തിൽ ഒരു സ്ത്രീയടക്കം ഏഴ് പേർക്ക് പരിക്കേറ്റു. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്.5 വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നിട്ടുണ്ട്. തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതിൽ പടക്കം ശേഖരിച്ചിരുന്നു.
പ്രദേശത്തുനിന്ന് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഉഗ്രസ്ഫോടനത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘവും പൊലീസും ഇവിടെ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ തീയണയ്ക്കാനായിട്ടില്ല.
11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. മൂന്ന് കിലോമീറ്ററോളം ദൂരം ഭൂഗമ്പത്തിന് സമാനമായ പ്രകമ്പനമുണ്ടായെന്നാണ് പ്രദേശത്തെ കൌൺസിലർ പറയുന്നത്. വാഹനത്തിൽ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ നിന്നുണ്ടായ സ്പാർക്കിൽ പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.