കൊച്ചി : തൃപ്പൂണിത്തറയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എം സ്വരാജിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി ബി അജിത്ത് കുമാറാണ് ഹർജി പരിഗണിക്കുക. സ്വരാജിൻ്റ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. എന്നാൽ സ്വരാജ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലെ മുഴുവൻ വാദങ്ങളും കോടതി അംഗീകരിച്ചിട്ടില്ല.
അയ്യപ്പസ്വാമിയുടെ ചിത്രവും കൈപ്പത്തിയും രേഖപ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പ് വോട്ടർമാർക്ക് വേണ്ടി നൽകിയ സ്ലിപ്പിന്മേലാണ് ജനപ്രാതിനിധ്യ നിയമം വകുപ്പ് 123ന്റെ ലംഘനമുണ്ട് എന്ന് കോടതി നിരീക്ഷിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് മത സാമുദായിക സംവിധാനങ്ങൾ ഉപയോഗിച്ചു എന്നും വീടു കയറി ഇറങ്ങിയുള്ള യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനിടയ്ക്ക് അനുകൂലമായി വോട്ട് ചെയ്തില്ലെങ്കിൽ അയ്യപ്പ കോപം ഉണ്ടാകും എന്ന് പ്രവർത്തകരും സ്ഥാനാർത്ഥിയും വോട്ടർമാരോട് പറഞ്ഞിരുന്നു എന്നുമുള്ള സ്വരാജിന്റെ ആരോപണങ്ങൾ പരിഗണിക്കാൻ കഴിയില്ല എന്ന് കോടതി നിരീക്ഷിച്ചു.