ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര ഇന്ന് എത്തിക്സ് കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകും. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുവാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് മഹുവയെ എത്തിക്സ് കമ്മിറ്റി വിളിപ്പിച്ചത്. പരാതിക്കാരെ വിസ്തരിക്കാൻ അനുവദിക്കണമെന്ന് മഹുവ എത്തിക്സ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബി.ജെ.പി എം.പി നിഷികാന്ത് ദുബെ, അഭിഭാഷകൻ ജയ് ആനന്ദ് ദേഹാദ്ര എന്നിവർ നൽകിയ പരാതിയിലാണ് എത്തിക്സ് കമ്മിറ്റി മഹുവയോട് ഹാജരാകാൻ നിർദേശിച്ചത്. കേന്ദ്ര സർക്കാരിനും അദാനിക്കും എതിരെ പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ ഹിരനന്ദാനി ഗ്രൂപ്പ് സി.ഇ.ഒ ദർശൻ ഹിരനന്ദാനിയിൽനിന്ന് മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്നാണ് ആരോപണം. മഹുവ ലോക്സഭയിൽ ഉന്നയിച്ച 61ൽ 50 ചോദ്യങ്ങളും കോഴയോ സമ്മാനമോ സ്വീകരിച്ചാണെന്നാണ് പരാതി.
അതേസമയം വ്യവസായി ദർശൻ ഹിരാനന്ദാനിയോടും ജയ് അനന്ത് ദേഹാദ്രയോടും ചോദ്യങ്ങൾ ഉന്നയിക്കാൻ അനുവദിക്കണമെന്നും മഹുവ മോയിത്ര ആവശ്യപ്പെട്ടിട്ടുണ്ട്. മഹുവയ്ക്ക് എതിരെ കേന്ദ്ര ഐടി മന്ത്രാലയം നൽകിയ റിപ്പോർട്ട് എത്തിക്സ് കമ്മറ്റിക്ക് മുമ്പിലുണ്ട്. മഹുവയുടെ പാർലമെന്റ് ഐ.ഡി ദുബൈയിൽ നിന്ന് 49 തവണ ഉപയോഗിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യവസായി ദർശൻ ഹിര നന്ദാനിയുടെ സഹായിയാണ് ഐ.ഡി കൈകാര്യം ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. നിഷികാന്ത് ദുബെ, ജയ് അനന്ത് ദേഹാദ്രായി എന്നിവർ നേരത്തെ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു.