കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടങ്ങളിലേയ്ക്ക് അടുക്കുമ്പോൾ വിജയക്കൊടി പാറിക്കാനൊരുങ്ങി മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്. 14,767 ഗ്രാമ പഞ്ചായത്തു സീറ്റുകളാണ് തൃണമൂൽ ഇതുവരെ പിടിച്ചെടുത്തത്. തൊട്ടുപിന്നാലെയുള്ള ബി ജെ പി 3,344 സീറ്റുകൾ നേടി.
മത്സരരംഗത്തുള്ള സി പി ഐ എമ്മിന് 1,086 സീറ്റും കോൺഗ്രസിന് 783 സീറ്റുമാണ് ഇതുവരെ നേടാനായത്. സംസ്ഥാനത്തെ 341 പഞ്ചായത്ത് സമിതികളിൽ 28 എണ്ണത്തിൽ തൃണമൂൽ ലീഡ് ചെയ്യുന്നു. ഇന്ന് രാവിലെ എട്ടുമണിയ്ക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. അർദ്ധരാത്രിവരെ നീളുമെന്നാണ് വിവരം. അതേസമയം, വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വിജയം ആഘോഷിച്ചുതുടങ്ങി. ജൂലായ് എട്ടിന് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് 697 ബൂത്തുകളിൽ റീ പോളിംഗ് പ്രഖ്യാപിക്കുകയായിരുന്നു. 73,887 പഞ്ചായത്ത് സീറ്റുകളിലായി 2.06 ലക്ഷം സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സംസ്ഥാനത്ത് 5.67 കോടി വോട്ടർമാരാണുള്ളത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങൾ നടന്ന പശ്ചാത്തലത്തിൽ കേന്ദ്രസേനകളുടെ സാന്നിദ്ധ്യത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 339 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും 61,636 പോളിംഗ് ബൂത്തുകളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രമായ ഡയമണ്ട് ഹാർബറിൽ ബോംബേറ് നടന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. അക്രമത്തിലേർപ്പെടുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദബോസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ എങ്ങോട്ടെന്നതിന്റെ ദിശാസൂചികയായിട്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ 90% സീറ്റും നേടിയത് തൃണമൂൽ കോൺഗ്രസ് ആയിരുന്നു. ജില്ലാ പരിഷത്തിൽ തൃണമൂൽ 793 സീറ്റിൽ ജയിച്ചപ്പോൾ ബിജെപിക്ക് കിട്ടിയത് 22 സീറ്റ് മാത്രമാണ്. കോൺഗ്രസ് 6 സീറ്റിലും ഇടത് സഖ്യം ഒരു സീറ്റിലും ജയിച്ചു. ഗ്രാമപഞ്ചായത്തിൽ തൃണമൂൽ (38,118 സീറ്റ്) ബിജെപി (5,779) ഇടത് സഖ്യം (1,713) കോൺഗ്രസ് (1,066) എന്നിങ്ങനെയായിരുന്നു വിജയം.