കൊൽക്കത്ത : പശ്ചിമ ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് മുന്നേറ്റം തുടരുന്നു. 2229 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ ലീഡ് ചെയ്യുകയാണ്. ബി ജെ പി 664 സീറ്റുകളിലും ഇടതുമുന്നണി 460 സീറ്റുകളിലും ഗ്രാമപഞ്ചായത്ത് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. അതേസമയം, കോൺഗ്രസ് 168 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
ആറ് ഘട്ടങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. ഗ്രാമ പഞ്ചായത്തുകളുടെ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. തുടർന്ന് പഞ്ചായത്ത് സമിതികളുടെയും സില പരിഷത്തുകളുടെയും വോട്ടുകൾ എണ്ണും. അർദ്ധരാത്രിവരെ വോട്ടെണ്ണൽ തുടരുമെന്ന് അധികൃതർ പറയുന്നു. 3317 ഗ്രാമ പഞ്ചായത്തുകളിലും 341 പഞ്ചായത്ത് സമിതികളിലും 20 സില പരിഷത്തുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഇന്ന് രാവിലെ എട്ടുമണിയ്ക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. സംസ്ഥാനത്ത് 19 ജില്ലകളിലെ 696 പോളിംഗ് ബൂത്തുകളിൽ കഴിഞ്ഞ ദിവസം റീ- പോളിംഗ് നടത്തിയിരുന്നു. 73,887 പഞ്ചായത്ത് സീറ്റുകളിലായി 2.06 ലക്ഷം സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സംസ്ഥാനത്ത് 5.67 കോടി വോട്ടർമാരാണുള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാൾ എങ്ങോട്ടെന്നതിന്റെ ദിശാസൂചികയായിട്ടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ 90% സീറ്റും നേടിയത് തൃണമൂൽ കോൺഗ്രസ് ആയിരുന്നു. ജില്ലാ പരിഷത്തിൽ തൃണമൂൽ 793 സീറ്റിൽ ജയിച്ചപ്പോൾ ബിജെപിക്ക് കിട്ടിയത് 22 സീറ്റ് മാത്രമാണ്. കോൺഗ്രസ് 6 സീറ്റിലും ഇടത് സഖ്യം ഒരു സീറ്റിലും ജയിച്ചു. ഗ്രാമപഞ്ചായത്തിൽ തൃണമൂൽ (38,118 സീറ്റ്) ബിജെപി (5,779) ഇടത് സഖ്യം (1,713) കോൺഗ്രസ് (1,066) എന്നിങ്ങനെയായിരുന്നു വിജയം.